ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
അദൃശ്യ ശക്തിഎഴുതി തയ്യാറാക്കിയ, തിരുത്തുവാന്‍ കഴിയാത്ത തിരകഥയില്‍ നടനമാടുന്ന അനേകായിരം പേരില്‍ താനും നടനമാടുന്നു . അതായിരുന്നു സൂസന്‍റെ വിശ്യാസം. സൂസന് കുഞ്ഞുനാള്‍ മുതല്‍ക്കേ ആഗ്രഹങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്നു .ആഗ്രഹിക്കുന്നത് ഒന്നും തന്നെ നിറവേറാതെയായപ്പോള്‍ സൂസന്‍റെ ആഗ്രഹങ്ങള്‍ക്ക് അവള്‍ പ്രാധാന്യം നല്‍കാതെയായി.പ്രാരാപ്തങ്ങളുടെ കയത്തില്‍ മുങ്ങികൊണ്ടിരിക്കുന്ന കുടുംബത്തിലെ ആറുമക്കളില്‍ മൂത്തവളായി ജനിച്ചത് തന്നെയാണ് അതിനുള്ള പ്രധാനകാരണം.സഹോദരങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് മാത്രമേ സൂസന്‍ പ്രാധാന്യം നല്‍കിയിരുന്നുള്ളൂ. ഇടവകയിലെ പള്ളിയില്‍ കപ്പ്യാര് ജോലി നോക്കുന്ന സൂസന്‍റെ അപ്പന് ആണ്‍ മക്കളോടായിരുന്നു കൂടുതല്‍ ഇഷ്ടം. പക്ഷെ ഉടയ തമ്പുരാന്‍ അഞ്ചു പെണ്‍ മക്കളെ നേരില്‍ കാണുവാനുള്ള ഭാഗ്യമേ അദ്ദേഹത്തിനു നല്‍കിയുള്ളൂ .ആറാമത് ജനിച്ച കുഞ്ഞിനെ കാണുവാനുള്ള ഭാഗ്യം സൂസന്‍റെ അപ്പന് ഉണ്ടായില്ല .
ഒരു പള്ളിപെരുന്നാള്‍ ദിനം . ഗ്രാമവാസികള്‍ ഒന്നടങ്കം പള്ളി പെരുന്നാന്‍റെ ആഘോഷതിമര്‍പ്പിലായിരുന്നു. സൂസന്‍റെ അപ്പന് അന്ന് അരമനയില്‍ പതിവില്‍ കൂടുതല്‍ ജോലികള്‍ ഉണ്ടായിരുന്നു. ദാഹം തോന്നിയപ്പോള്‍ സൂസന്‍റെ അപ്പന്‍ അല്‍പം വെള്ളം കുടിക്കുവാനായി അരമനയിലെ കുശിനിയിലേക്ക് പോയതായിരുന്നു.ഒരു കവിള്‍ വെള്ളം ഇറക്കുമ്പോഴേക്കും അദ്ദേഹം കുശിനിയില്‍ കുഴഞ്ഞു വീണു.കുശിനിക്കാരന്‍ വറീത് മാപ്പിള ഒച്ചവെച്ച് ആളെകൂട്ടി .ഓടി കൂടിയവര്‍ സൂസന്‍റെ അപ്പനേയും കൊണ്ട് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ വെച്ചുതന്നെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
. സൂസന്‍റെ അമ്മച്ചിയുടെ ഉദരത്തില്‍ അപ്പോള്‍ ഒരു കുഞ്ഞ് പിറവിയെടുത്തിരുന്നു . സൂസന്‍ ബി എസ് സി നഴ്സിങ്ങിനു പഠിക്കുന്ന കാലം . അദ്ദേഹത്തിന്‍റെ മരണ ശേഷം സൂസന്‍റെയും കുടുംബത്തിന്‍റെയും ജീവിതം ദുരിതപൂര്‍ണ്ണമായി.അമ്മച്ചിയുടെ ആറാമത്തെ പ്രസവത്തിലെ കുഞ്ഞും പെണ്‍കുഞ്ഞാവും എന്ന് സമൂഹം മുന്‍വിധി എഴുതിയെങ്കിലും സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ട് അമ്മച്ചി ആറാം കാലം ഒരു ആണ്‍ കുഞ്ഞിനു ജന്മംനല്‍കി.
കുടുംബത്തിന്‍റെ ഉപജീവനമാര്‍ഗ്ഗം ഇടവകയിലെ സുമനസ്സുകളുടെ സഹായം ഒന്നു മാത്രമായിരുന്നു .മെത്രാനച്ചന്‍ അപ്പന്‍ ജീവിച്ചിരിക്കുന്ന കാലത്ത് അപ്പനോട് പറയുമായിരുന്നു .
,, പെണ്‍കുഞ്ഞുങ്ങളെ മക്കളായി ലഭിക്കുന്നത് ദൈവത്തിന്‍റെ അനുഗ്രഹമാണ് വര്‍ഗീസ് മാപ്പിള എന്തിനാ ഇങ്ങിനെ വിഷമിക്കുന്നത് .മക്കള്‍ക്ക് വിദ്യാഭ്യാസം വേണ്ടുവോളം നല്‍കുക ദൈവാനുഗ്രഹം നിങ്ങളില്‍ എപ്പോഴും ഉണ്ടാകും .,,
,,എന്നാലും തിരുമേനി അഞ്ചു പെണ്‍മക്കളെ മാത്രമല്ലേ ഉടയതമ്പുരാന്‍ ഈയുള്ളവനു നല്‍കിയുള്ളൂ ഒരു ആണ്‍ കുഞ്ഞിനു വേണ്ടിയുള്ള എന്‍റെ പ്രാര്‍ത്ഥന വെറുതെയായില്ലേ ,,
വര്‍ഷങ്ങള്‍ ഏതാനും കഴിഞ്ഞു സൂസന്‍ നഴ്സിംഗ് പൂര്‍ത്തിയാക്കി ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു . തുടക്കക്കാരിയായതുകൊണ്ട് കുറഞ്ഞ വേതനമേ സൂസന് ലഭിച്ചിരുന്നുള്ളൂ. കിട്ടുന്ന വേതനം അതേപടി സൂസന്‍ അമ്മച്ചിക്ക് അയച്ചു കൊടുക്കും. സമൂഹത്തിനു മുന്‍പില്‍ കൈനീട്ടാതെ സഹോദരങ്ങളെ പഠിപ്പിക്കേണം എന്നതായിരുന്നു അവളുടെ ആഗ്രഹം. ലഭിച്ചു കൊണ്ടിരിക്കുന്ന വേതനംകൊണ്ട് അനിയത്തിമാരുടെ വിവാഹം നടത്തുവാന്‍ കഴിയില്ലാ എന്നത് കൊണ്ട് സൂസന്‍ വിദേശത്ത് ജോലി അന്യേഷിക്കുവാന്‍ തുടങ്ങി. നഴ്സിങ്ങിന് കൂടെ പഠിച്ചിരുന്ന സഹപാഠികളില്‍ ചിലര്‍ക്ക് അമേരിക്കയില്‍ ജോലി ലഭിച്ചിരുന്നു .അവരുടെ സഹായത്താല്‍ ഡല്‍ഹിയില്‍ നിന്നും സൂസന്‍ അമേരിക്കയിലേക്ക് യാത്രയായി .മൂന്നര വര്‍ഷത്തെ ഡല്‍ഹിയിലെ ജോലിയില്‍ നിന്നും കാര്യമായി ഒന്നും സമ്പാദിക്കുവാന്‍ സൂസന് കഴിഞ്ഞിരുന്നില്ല .പക്ഷെ അമേരിക്കയില്‍ എത്തിയപ്പോള്‍ സൂസന്‍റെ കുടുംബത്തിന്‍റെ ജീവിത നിലവാരം തന്നെ മാറിമറിഞ്ഞു .ആശുപത്രിയില്‍ എട്ടുമണിക്കൂറെ സൂസന് ജോലി നോക്കേണ്ടതുള്ളു പക്ഷെ സൂസന്‍ രണ്ടു ഷിഫ്റ്റിലായി പതിനാറു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തു പണം സമ്പാദിക്കുവാന്‍ തുടങ്ങി .
ഏതാനും വര്‍ഷങ്ങള്‍ക്കകം വീട്ടില്‍ നിന്നും അല്‍പമകലെ ഗതാഗത സൗകര്യമുള്ള മുപ്പതു സെന്‍റെ വസ്തു അമ്മച്ചിയുടെ പേരില്‍ വാങ്ങി ഇരുനില വാര്‍ക്ക വീട് പണിതു . വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും സൂസന്‍ നാട്ടില്‍ പോകാതെ തന്‍റെ കുടുംബത്തിനു വേണ്ടി ജോലി ചെയ്തു. ഈ കാലയളവില്‍ നാലു സഹോദരിമാരെ വിവാഹംകഴിപ്പിച്ചയച്ചു .അമ്മച്ചിയും സഹോദരനും വീട്ടില്‍ തനിച്ചായപ്പോള്‍ ഒരു ദിവസ്സം വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമ്മച്ചി സൂസനോട് ചോദിച്ചു ?
,, എന്‍റെ മോള്‍ക്ക് ഇനി നാട്ടിലേക്ക് പോന്നൂടെ .മോള്‍ക്ക് ഇപ്പോള്‍ വയസ്സ് മുപ്പത്തോന്പത് കഴിഞ്ഞു. കണ്ണടയുന്നതിനു മുന്‍പ് നിന്‍റെ വിവാഹം കൂടി കഴിഞ്ഞു കാണണം അമ്മച്ചിക്ക് ,,
അമ്മച്ചിയുടെ സംസാരം കേട്ടപ്പോള്‍ സൂസന്‍ പൊട്ടിച്ചിരിച്ചു .ചിരിക്കുമ്പോള്‍ അവളുടെ മനസ്സ് നഷ്ടമായ വിവാഹ ജീവിതത്തെ ഓര്‍ത്ത് തേങ്ങി യത് അവള്‍ അറിഞ്ഞു.പെടുന്നനെ ചിരി അവളില്‍ നിന്നും അപ്രത്യക്ഷമായി. മിഴികളില്‍ കണ്ണുനീര്‍ പൊഴിഞ്ഞു. കണ്ണുനീര്‍ തുള്ളികള്‍ തുടച്ച് സൂസന്‍ തുടര്‍ന്നു.
,, ഞാന്‍ വരാം അമ്മച്ചി .ഒരു രണ്ടു വര്‍ഷം കൂടിയങ്ങ് കഴിയട്ടെ .ഇവിടെ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ട്.കുടിശിക കഴിയാന്‍ ഇനിയും രണ്ടു വര്‍ഷം കൂടി കഴിയണം. ഇനിയും ചിലവുകള്‍ വരികയല്ലേ. എബി മോന്‍ നന്നായി പഠിക്കുന്നുണ്ടല്ലോ .എബി അടുത്തവര്‍ഷം മുതല്‍ എം ബി ബി എസ് നു പഠിക്കുവാന്‍ പോകുകയല്ലേ ,,
പതിവ് പോലെ അന്നും അവര്‍ ഒരുപാട് നേരം സംസാരിച്ചു അമ്മച്ചിയുമായുള്ള സംസാരം കഴിഞ്ഞപ്പോള്‍ സൂസന്‍ മേശയില്‍ തല ചായ്ച്ചിരുന്നു.മനസ്സില്‍ നഷ്ടബോധം അലയടിച്ചുയരുന്ന കടല്‍ തിരമാലകളെ പോലെ ഇളകിമറിഞ്ഞു.വിവാഹം, ഭര്‍ത്താവ്, മക്കള്‍, എല്ലാം തന്നില്‍ നിന്നും അന്യമായി എന്ന സത്യം സൂസനെ വല്ലാതെ നൊമ്പരപ്പെടുത്തി . സൂസന്‍റെ മനസ്സ് പതിയെ നഴ്സിങ്ങിനു പഠിക്കുവാന്‍ പോകുന്ന കാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി .ഈ കാലം വരെ ഒരാളോട് മാത്രമേ സൂസന് പ്രണയം തോന്നിയിട്ടുള്ളൂ . പഠിക്കുവാന്‍ പോകുമ്പോള്‍ ബസ്സില്‍ ഇടയ്ക്കു നിന്നും കയറുന്ന സുമുഖനായ യുവാവിനെ അയാള്‍ അറിയാതെസൂസന്‍ പതിവായി വീക്ഷിക്കുമായിരുന്നു. അവള്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ തന്നെയാണ് അയാളും സ്ഥിരമായി ഇറങ്ങിയിരുന്നത് .ഒരിക്കല്‍ ബസ്സില്‍ നിന്നും ആദ്യം ഇറങ്ങിയത് സൂസനായിരുന്നു. പുറകില്‍ യുവാവും . പുറകില്‍ നിന്നും യുവാവിന്‍റെ കുട്ടീ...... എന്ന നീട്ടിയുള്ള വിളി കേട്ടപ്പോള്‍ സൂസന്‍ തിരിഞ്ഞു നോക്കി. പുസ്തകത്തിനുള്ളില്‍ വെച്ചിരുന്ന പേന നിലത്തു വീണത് സൂസന്‍ അറിഞ്ഞിരുന്നില്ല . അയാള്‍ നിലത്തു നിന്നും പേന എടുത്ത് സൂസന്‍റെ നേര്‍ക്ക് നീട്ടി പറഞ്ഞു .
,, ഇത് ഇയാളുടെയല്ലേ ,,
ഊം ...എന്ന് മൂളി പേന യുവാവില്‍ നിന്നും വാങ്ങിച്ച് മുന്‍പോട്ടു നടക്കുവാന്‍ തുടങ്ങിയപ്പോള്‍ .യുവാവ് അവളുടെ ഒപ്പം ചേര്‍ന്നുനടന്നു . യുവാവ് അയാളെ സൂസന് പരിചയപെടുത്തി.
,, ഞാന്‍ ബിനോയ് കുറേ നാളായി ഇയാളെ ഒന്ന് പരിചയപെടണം എന്ന് കരുതുന്നു വിരോധമില്ലെങ്കില്‍ പേര് പറയാമോ ,,
അത് ഒരു സൗഹൃദത്തിന്‍റെ തുടക്കമായിരുന്നു .പതിവായികാണുന്ന അവര്‍ ദുഃഖങ്ങളും സന്തോഷങ്ങളും പരസ്പരം കൈമാറി. ബിനോയിയുടെ സാനിധ്യം സൂസന് ആശ്വാസമായി .ലളിതമായ ജീവിതം ഇഷ്ടപെടുന്ന സല്‍സ്വഭാവത്തിന്നുടമയായ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബിനോയിയില്‍ ഒരു കുറവും സൂസന്‍ കണ്ടിരുന്നില്ല .ഒരു അവധി ദിവസ്സം ബിനോയിയും വേറെ രണ്ടു മധ്യവയസ്കരും കൂടി സൂസന്‍റെ വീട്ടിലേക്ക് വിവാഹാലോചനയുമായി വന്നു .പ്രതീക്ഷിക്കാതെയുള്ള ബിനോയിയുടെ വീട്ടിലേക്കുള്ള വരവ് സൂസനെ അമ്പരപ്പിച്ചു .അമ്മച്ചി തറയില്‍ പായവിരിച്ച് എല്ലാവരോടും ഇരിക്കുവാന്‍ പറഞ്ഞു .കൂട്ടത്തില്‍ പ്രായം കൂടിയ ആളാണ് സംസാരത്തിന് തുടക്കമിട്ടത് .
,, ഞങ്ങള്‍ അടുത്ത ഗ്രാമത്തിലുള്ളവരാ,, .....ബിനോയിയെ ചൂണ്ടിക്കാട്ടി അയാള്‍ തുടര്‍ന്നു , ഇത് ബിനോയ് എന്‍റെ ഇളയ സഹോദരന്‍റെ മകന്‍, ട്രഷറിയില്‍ കാഷ്യര്‍ ആയി ജോലി നോക്കുന്നു .ഇവന്‍റെ അപ്പന്‍ ഇവന്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മരണപെട്ടു .ഇവനും ഇവന്‍റെ അമ്മച്ചിയും മാത്രമേയുള്ളൂ ഇവരുടെ വീട്ടില്‍ . ഇവടത്തെ മൂത്തകുട്ടിയെ ഇവന് വേണ്ടി പെണ്ണ് ചോദിക്കുവാന്‍ വന്നതാ ഞങ്ങള്‍ .,,
സൂസന്‍റെ അമ്മച്ചി എന്ത് മറുപടി പറയണം എന്നറിയാതെ അല്‍പനേരം പരിഭ്രമിച്ചുനിന്നു ..
,, ഇപ്പോള്‍ തല്‍ക്കാലം വിവാഹത്തെ കുറിച്ച് ചിന്തിക്കുവാനാവില്ല. എന്‍റെ മോളാണ് ഈ വീടിന്‍റെ ഏക ആശ്രയം.ഇവളുടെ പഠിപ്പ് കഴിഞ്ഞ് ജോലിക്ക് പോയിട്ട് വേണം ഇവളുടെ താഴെയുള്ളവരെ നല്ല നിലയില്‍ വളര്‍ത്താന്‍. ,,
അമ്മച്ചിയുടെ വാക്കുകള്‍ക്ക് ബിനോയിയാണ് മറുപടി നല്‍കിയത്
,
, പൊന്നും പണവും ഒന്നും എനിക്ക് ആവശ്യമില്ല, സൂസനെ എനിക്ക് വിവാഹംകഴിച്ചു തന്നാല്‍ മാത്രം മതി ,,
,, എന്തുതന്നെയായാലും ഇപ്പോള്‍ വിവാഹത്തിന് ഞങ്ങള്‍ തയ്യാറല്ല,,
സൂസന്‍റെ അമ്മച്ചി നീരസത്തോടെ വീണ്ടും പറഞ്ഞപ്പോള്‍
ബിനോയിയും കൂടെ വന്നവരും തിരികെ പോയി.
അടുത്ത ദിവസ്സം ബിനോയിയും സൂസനും നേരില്‍ക്കണ്ട് പിരിയാന്‍ നേരം ബിനോയ് സൂസനോട് പറഞ്ഞു .
,, സൂസന്‍ എന്‍റെ കൂടെ പോരുന്നോ എന്‍റെ കണ്ണിന്‍റെ കൃഷ്ണമണി പോലെ ഇയാളെ ഞാന്‍ നോക്കിക്കോളാം സൂസന്‍റെ അമ്മച്ചിയുടെ സമ്മതത്തോടെ ഈ അടുത്ത കാലത്തൊന്നും നമുക്ക് വിവാഹിതരാകാന്‍ കഴിയില്ല ,,
അവള്‍ക്ക് മറുപടി പറയുവാന്‍ വാക്കുകള്‍ ഇല്ലായിരുന്നു .സഹോദരങ്ങളുടെ മുഖം അവളുടെ മനസ്സില്‍ തെളിഞ്ഞു വന്നു . മിഴികളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ തൂവാല കൊണ്ട് സൂസന്‍ തുടച്ചുകൊണ്ടിരുന്നു.
ഏതാനും ദിവസ്സങ്ങള്‍ക്ക് ശേഷം ബിനോയ് സൂസനോട് പറഞ്ഞു .
,,എനിക്ക് സ്ഥലമാറ്റം ലഭിച്ചു. ഞാന്‍ അടുത്ത ദിവസ്സം തന്നെ ഇവിടം വിട്ടു പോകും വിധിയുണ്ടെങ്കില്‍ നമുക്ക് എവിടെയെങ്കിലും വെച്ച് കാണാം ,,
ബിനോയ് യാത്രപറഞ്ഞു നടന്നു . കണ്ണില്‍ നിന്നും മറയുന്നത് വരെ സൂസന്‍ ബിനോയിയെ തന്നെ നോക്കി നിന്നു .അയാളൊന്ന് തിരിഞ്ഞു നോക്കിയെങ്കില്‍ എന്ന് സൂസന്‍ ആഗ്രഹിച്ചു .പക്ഷെ
തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ബിനോയ് നടന്നുനീങ്ങി.
പിന്നീട് ബിനോയിയെ കുറിച്ച് യാതൊരു വിവരവും സൂസന്‍ അറിഞ്ഞില്ല . അയാള്‍ അവളെ തേടി വരും എന്ന് തന്നെയായിരുന്നു സൂസന്‍റെ പ്രതീക്ഷ പക്ഷെ സൂസന്‍റെ കാത്തിരിപ്പ് വെറുതെയായി.
ഓര്‍മകളില്‍ നിന്നും വിമുക്തയായപ്പോള്‍ സൂസന്‍ എഴുന്നേറ്റ് കണ്ണാടിയുടെ മുന്‍പില്‍ പോയിനിന്ന് മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, കണ്‍ തടങ്ങളില്‍ ചുളിവുകള്‍ വീണിരിക്കുന്നു, മുടിയിഴകളിലെ നര തെളിഞ്ഞു കാണാം. സൂസന്‍ ഒരുപാട് മാറിയിരുന്നു . കാലം പോയതറിഞ്ഞില്ല പ്രരാപ്തങ്ങള്‍ ഇനിയും ബാക്കി. ഇനി ഒരു വിവാഹ ജീവിതം.... അതിന് ഇനി പ്രസക്തിയുണ്ടോ എന്നവള്‍ ചിന്തിച്ചു .ബിനോയിയുടെ മുഖം അവളുടെ മനസ്സില്‍ തെളിഞ്ഞു വന്നു .വര്‍ഷങ്ങള്‍ക്കുശേഷം അയാളെ ഒന്നുനേരില്‍ കാണുവാന്‍ സൂസന്‍ വല്ലാതെ കൊതിച്ചു .
വര്‍ഷങ്ങള്‍ വീണ്ടും കൊഴിഞ്ഞു പോയി. ഇപ്പോള്‍ എബി മോന്‍ എം ബി ബി എസിനു പഠിക്കുന്നു .സൂസന്‍ നാട്ടിലേക്ക് പോകുവാന്‍ തീരുമാനിച്ചു .സഹോദരങ്ങള്‍ ആവശ്യപെട്ടതും അല്ലാത്തതുമായ കുറെയേറെ സാധനങ്ങള്‍ സൂസന്‍ വാങ്ങിച്ചു .പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂസന്‍ നാട്ടിലേക്ക് പോകുന്നത് . പ്രിയപ്പെട്ടവരെ നേരില്‍ കാണുവാന്‍ സൂസന്‍റെ മനസ്സ് തുടിച്ചു.പ്രതീക്ഷയോടെ സൂസന്‍ നാട്ടിലേക്ക് യാത്ര തിരിച്ചു,
സൂസനെ വരെവേല്‍ക്കുവാന്‍ എയര്‍പ്പോര്‍ട്ടില്‍ എല്ലാവരും എത്തിയിരുന്നു .എല്ലാവരുടെയും മുഖത്ത് സന്തോഷം. സൂസന്‍റെ മിഴികളില്‍ ആനന്ദ കണ്ണുനീര്‍ പൊഴിഞ്ഞു .എല്ലാവരും മാറിയിരിക്കുന്നു . സഹോദരിമാരെ ആരെയും തിരികെ പോകുവാന്‍ അന്ന് സൂസന്‍ അനുവതിച്ചില്ല. വീട്ടില്‍ സഹോദരിമാരുടെ മക്കളും ഭര്‍ത്താക്കന്മാരും എല്ലാവരും കൂടി ആയപ്പോള്‍ വീട് നിറയെ ആളായി .സൂസനും അമ്മച്ചിയും എബിയും കുട്ടികളും കൂടി ഒരു മുറിയിലാണ് അന്നുരാത്രി ഉറങ്ങുവാന്‍ കിടന്നത് . സൂസന്‍ ചെറിയ കുഞ്ഞിനെപോലെ അമ്മച്ചിയെ കെട്ടിപിടിച്ചു കിടന്നുറങ്ങി .
അടുത്ത ദിവസ്സം മെത്രാനച്ചനെ കാണുവാനായി സൂസന്‍ പള്ളിയില്‍ പോയി .ഓടിട്ട മൂന്നുനിലയുള്ള പള്ളിയുടെ രണ്ടാമത്തെ നിലയിലെ വരാന്തയില്‍ ചാരുകസേരയില്‍ കിടക്കുകയായിരുന്നു അച്ഛന്‍, ഗോവണി പടികള്‍ കയറിവരുന്ന സൂസനെ കണ്ടപ്പോള്‍ അച്ഛന്‍ നിവര്‍ന്നിരുന്നു .
,, ഈശോമിശിഹായക്ക് സ്തുതിയായിരിക്കട്ടെ ,,
,, ഇപ്പോഴുമെപ്പോഴും എല്ലായിപ്പോഴും സ്തുതിയായിരിക്കട്ടെ,,
,,ആരാ ഈ വന്നിരിക്കുന്നെ നീയങ്ങ് മദാമ്മയെ പോലെ ആയല്ലോടി കൊച്ചെ .കുടുംബ പ്രാരാപ്തങ്ങളുടെ ഇടയില്‍ നീ നിന്‍റെ ജീവിതത്തെ കുറിച്ചു മറന്നൂലെ .... ഒപ്പം ഈ ഗ്രാമത്തേയും .നീയിനി തിരികെ പോകേണ്ട ഇവിടെയങ്ങ് കൂടിക്കോ കാലം കുറെ ആയില്ലേ നീയിങ്ങിനെ കഷ്ടപെടുവാന്‍ തുടങ്ങിയിട്ട്. ഇനിയിപ്പോ അനിയന്‍ കുട്ടിയുടെ പഠിപ്പ് കൂടി കഴിഞ്ഞാല്‍ നീ പിന്നെ എന്തിനാ അന്യനാട്ടില്‍ പോയി കഷ്ടപെടുന്നത് ,,
,, ഇല്ല തിരുമേനി ഒരു മാസത്തെ അവധി കഴിഞ്ഞാല്‍ എനിക്ക് തിരികെ പോകേണം. എബിയുടെ പഠിപ്പ് കൂടി കഴിഞ്ഞിട്ടേ തിരികെ പോരുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുകയുള്ളൂ.,,
,,നീ നിന്‍റെ ജീവിതത്തെ കുറിച്ച് മറന്നെങ്കിലും, കുടുംബത്തെ മുഴുവനും നീ രക്ഷിച്ചില്ലേ നിന്‍റെ അപ്പന് ഇതൊന്നും കാണുവാനുള്ള യോഗം ഉണ്ടായില്ല. എല്ലാം വിധി അല്ലാതെ എന്താ പറയ .... .,,
ദിവസങ്ങള്‍ ഏതാനും കഴിഞ്ഞു ബിനോയിയെ കാണണം എന്ന സൂസന്‍റെ ആഗ്രഹം മാത്രം ബാക്കിയായി .സൂസന്‍ നാട്ടില്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ അമ്മച്ചി സൂസന് വേണ്ടി വിവാഹലോചനകള്‍ ക്ഷണിച്ചിരുന്നു .രണ്ടുപേര്‍ സൂസനെ കാണുവാന്‍ വരികയും ചെയ്തു .ഒരാളുടെ ഭാര്യ മരണപെട്ടതും രണ്ടു മക്കള്‍ ഉള്ള ആളുമായിരുന്നു .രണ്ടാമത് വന്നയാള്‍ വിവാഹമോചിതാനായിരുന്നു . അമ്മച്ചിയോട് സൂസന്‍ കനത്ത സ്വരത്തില്‍ തന്നെ പറഞ്ഞു .
,, ഞാന്‍ അടുത്ത ദിവസ്സം തിരികെ പോകും വിവാഹാലോചനയുമായി ഇനി ആരേയും അമ്മച്ചി ഇവിടേക്ക്‍ ക്ഷണിക്കേണ്ട .ഞാന്‍ വിവാഹിതയാകാന്‍ വേണ്ടി വന്നതല്ല. എല്ലാവരുടെയും കൂടെ കുറച്ചു ദിവസം ജീവിക്കുവാന്‍ വേണ്ടി വന്നതാ... .നല്ല കാലത്ത് പൊന്നും പണവും ഒന്നും ആവശ്യപെടാതെ എന്നെ വിവാഹം കഴിക്കുവാന്‍ ഒരാള്‍ വന്നതല്ലെ അന്ന് അമ്മച്ചി സമ്മതിച്ചില്ല. ഇനി എനിക്ക് വേണ്ട ഒരു വിവാഹ ജീവിതം. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല ,,
,, മോളുടെ മനസ്സില്‍ ഇപ്പോഴും അയാളുണ്ടോ, അന്ന് ഞാന്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെങ്കില്‍ ഈ കുടുംബത്തിന്‍റെ അവസ്ഥ എന്താകുമായിരുന്നു .,,
,, ഇപ്പോഴത്തെ അവസ്ഥയെക്കാളും നന്നാകുമായിരുന്നു .എനിക്ക് താഴെ നാല് അനിയത്തിമാരുണ്ട് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ബിനോയ് വിവാഹാലോചനയുമായി ഇവിടെ വന്നത് .,,
അപ്പോള്‍ അമ്മച്ചിയുടെ മുഖത്ത് കുറ്റബോധം കൊണ്ട് സങ്കടം നിഴലിച്ചിരുന്നു .
സൂസന്‍ മുറിയില്‍ പോയി മെത്തയില്‍ ചാഞ്ഞു .അനിയത്തിമാരുടെ മക്കള്‍ എല്ലാവരും സൂസനെ അമ്മച്ചി എന്നാണ് വിളിക്കുന്നത്.ഒരു കുഞ്ഞ് ഓടി വന്ന് കമഴ്ന്നു കിടക്കുന്ന സൂസന്‍റെ പുറത്ത് ചാടി കയറി കിടന്നു കൊണ്ട് ചോദിച്ചു ?.
,,അമ്മച്ചി കരയുകയാണോ എന്തിനാ അമ്മച്ചി കരയുന്നേ ,,
,, അമ്മച്ചിയുടെ കണ്ണില്‍ കരട് പോയതാ ... ചക്കരകുട്ടി അപ്പുറത്ത് പോയി കളിച്ചോള്ളൂ അമ്മച്ചി ഇത്തിരി നേരം ഇവിടെ കിടക്കട്ടെ ,,
,, ഞാന്‍ പോവില്ലാല്ലോ ഞാനിവിടെ അമ്മച്ചിയുടെ കൂടെ കി
ടക്കുകയുള്ളു ,,
അല്പനേരം കഴിഞ്ഞപ്പോള്‍ എബി സൂസന്‍റെ അരികില്‍ വന്നിരുന്നു
,, ചേച്ചിയുടെ മുഖം വല്ലാതെയിരിക്കുന്നു .ചേച്ചി കരഞ്ഞുവോ എന്താ ഇപ്പോള്‍ ഇവിടെ ഉണ്ടായേ,,
,, ഒന്നും ഇല്ല എന്‍റെ കുട്ട്യേ ... ,,
,,
ചേച്ചി ഇനി തിരികെ പോകേണ്ട ഒത്തിരി കാലമായില്ലേ ചേച്ചി ഞങ്ങള്‍ക്കൊക്കെ വേണ്ടി കഷ്ടപെടുവാന്‍ തുടങ്ങിയിട്ട് ,,
സൂസന്‍ എഴുന്നേറ്റിരുന്ന് എബിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു .
,, എന്‍റെ കുട്ടിയുടെ പഠിപ്പ് കൂടി കഴിഞ്ഞാല്‍ ചേച്ചിയുടെ ഉത്തരവാദിത്തം എല്ലാം കഴിയും, എന്നിട്ട് വേണം ചേച്ചിക്ക് നാട്ടില്‍ വന്ന് മോന്‍റെ വിവാഹം കൂടി കഴിഞ്ഞ്, മോന് ഉണ്ടാവുന്ന മക്കളേയും കളിപ്പിച്ച് ഇവിടെ കൂടാന്‍ .,,
,, നമ്മുടെ തറവാട് നില്‍ക്കുന്ന പത്തു സെന്‍റെ വസ്തു വില്‍പ്പന ചെയ്‌താല്‍ പോരെ ചേച്ചി എനിക്ക് പഠിക്കുവാനുള്ള തുക കണ്ടെത്തുവാന്‍ ,,
,, അത് വേണ്ട അത് എല്ലാവര്‍ക്കും അവകാശപെട്ടതല്ലേ ഇനി അടുത്ത തവണ ചേച്ചി നാട്ടില്‍ വരുമ്പോള്‍ അത് കൊടുത്തിട്ട് എല്ലാവര്‍ക്കും വീതം വെയ്ക്കണം എന്‍റെ കുട്ടിക്ക് പഠിക്കുവാനുള്ള പണം ചേച്ചി തന്നെ സമ്പാദിക്കും ,,
ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ബിനോയിയെ കാണണം എന്ന ആഗ്രഹം മാത്രം സഫലമാകാതെ സൂസന്‍ അമേരിക്കയിലേക്ക് യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ സൂസന്‍റെ മനസ്സ് വല്ലാതെ സങ്കടപെടുന്നുണ്ടായിരുന്നു .പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ കുടുംബത്തിനായി പ്രയത്നിക്കുവാന്‍ സൂസന് കഴിഞ്ഞുവെങ്കിലും ആഗ്രഹിച്ച ഒരേയൊരു ആഗ്രഹം സഫലമാകാതെ ഇനിയുള്ള ജീവിതം ആര്‍ക്കുവേണ്ടിയാണ് ജീവിക്കേണ്ടത് എന്ന ചോദ്യം ഉത്തരം ലഭിക്കാതെ സൂസനില്‍ അവശേഷിച്ചു .
വിമാനതാവളത്തിലേക്ക് സൂസനെ അനുഗമിക്കുന്നത് അനിയത്തിയും ഭര്‍ത്താവും എബിയുമാണ് .എല്ലാവരോടും യാത്രപറഞ്ഞ് നേരം പുലരുന്നതിന് മുന്‍പ് തന്നെ സൂസന്‍ വീട്ടില്‍ നിന്നും ഇറങ്ങി .ചവിട്ടുപടികള്‍ ഇറങ്ങി. വാഹനത്തിലേക്ക് കയറുമ്പോള്‍ ശീതക്കാറ്റ് വീശുന്നുണ്ടായിരുന്നു .നേര്‍ത്ത മഴത്തുള്ളികള്‍ സൂസന് മേല്‍ പതിക്കുവാന്‍ തുടങ്ങിയപ്പോള്‍ ശരീരമാകെ കുളിരുകോരി .അപ്പോള്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ക്കുള്ളില്‍ നിന്നും പ്രഭാതകിരണങ്ങള്‍ പുറത്തേക്ക് പ്രകാശിക്കുവാന്‍ തുടങ്ങിയിരുന്നു ,യാത്ര പുറപ്പെട്ടത് മുതല്‍ വാഹനത്തില്‍ ഇരുന്ന് വഴിയോരത്ത് എങ്ങാനും ബിനോയിയെ ഒരുനോക്കു കാണാനാവുമോ എന്ന് സൂസന്‍ പ്രതീക്ഷയോടെ നോക്കിയിരുന്നു . വിമാനത്താവളം അടുക്കും തോറും സൂസന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗത അധികരിച്ച്കൊണ്ടേയിരുന്നു . വീണ്ടും അദൃശ്യ ശക്തി എഴുതി വെയ്ക്കപെട്ട തിരക്കഥയിലെ നടനം സൂസനില്‍ തുടര്‍ന്നുകൊണ്ടേയിരിന്നു , അവസാന രംഗം വരെ .
ശുഭം
rasheedthozhiyoor@gmail.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ