അര്‍ത്ഥവും അനര്‍ത്ഥവും. (Joseph Boby )




Joseph Boby                                                                                                                                                                                                                                                                                                               ഞാൻ ജോസഫ്‌ വി ബോബി. അടുത്തൂണ്‍ പറ്റിയ ഒരു ബാങ്ക് ജീവനക്കാരൻ. ഭാര്യാ സമേതനായി എറണാകുളത്തു താമസം. ഭാര്യ അല്ലറ ചില്ലറ കവിതകൾ ഒക്കെ എഴുതും. കമ്പ്യൂട്ടർ അറിയാത്തതിനാൽ ഞാൻ അവയൊക്കെ എന്റെ ബ്ലോഗിൽ പോസ്റ്റും. ഒരു മകൻ. വിവാഹിതൻ - പ്രവാസി. ഭാഷയെ അതിരറ്റു സ്നേഹിക്കുന്നു. അക്ഷരപ്പിശകുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആരാണെങ്കിലും ഞാൻ ചൂണ്ടിക്കാണിക്കും. അതൊരു ബലഹീനതയാണ്. അറിയാവുന്നതൊക്കെ പങ്കു വയ്ക്കും. തിരികെ ഇങ്ങോട്ടും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു.  സംഗീതം, വ്യായാമം, യാത്രകൾ, ചരിത്രം ഇവയിലൊക്കെ താല്പര്യം ഉണ്ട്..................   
                                                                                                                                                                                                                                                                                                                                  മലയാളം നമ്മുടെ മാതൃഭാഷയാണെന്നു പറയുന്നെങ്കിലും നമ്മള്‍ മലയാളഭാഷയെ അമ്മയെപ്പോലെ സ്നേഹിക്കുന്നുണ്ടോ?ചിലര്‍ മലയാളഭാഷ കൈകാര്യം ചെയ്യുന്നതുകണ്ടാല്‍ സഹതാപം തോന്നും.അര്‍ത്ഥം അറിയാതെ ഭാഷ പ്രയോഗിച്ചിട്ട്, അതു ഭാഷയുടെ പ്രയോഗത്തിലൂടെയുള്ള വളര്‍ച്ചയാണെന്നു ചിലര്‍ വാദിക്കുകയും ചെയ്യും. സാധാരണമായി പ്രയോഗത്തില്‍ കാണുന്ന ചില അബദ്ധങ്ങളിലേക്കു ഒരെത്തിനോട്ടം മാത്രമാണു ഞാന്‍ ഇവിടെ നടത്തുന്നതു്.ഭാഷാസ്നേഹികള്‍ക്കു ഇതു രസകരമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
                                                                                                                                                                                                                                                                                                                               അര്‍ത്ഥം അറിയാതെ.. (ഒന്നാം ഭാഗം)                                                                                                                                                                                                                                                                                                                                                                                                                                          എല്ലാ പ്രസ്താവനകളും യഥാതഥമായ ആശയം തരുന്നുണ്ടോ? ഉണ്ടെന്നു വാദിക്കുന്നവര്‍ ഇതിനു മറുപടി തരൂ.“ എന്റെ ആന കിടന്നിട്ടു മൂന്നു ദിവസമായി”.ആന ഇപ്പോള്‍ നില്ക്കുകയാണോ,കിടക്കുകയാണോ ?...!“രാജന്‍ ഇന്‍ഡ്യയില്‍ വന്നിട്ടു നാലു വര്‍ഷമായി”രാജന്‍ ഇപ്പോള്‍ ഇവിടെയുണ്ടോ,അതോ വിദേശത്താണോ?നമ്മുടെ ഭാഷ രസകരം തന്നെ അല്ലേ?
ചില മാന്യവ്യക്തികളെ വേദിയില്‍ സ്വീകരിച്ചിരുത്തി ചിലര്‍ സ്വാഗതം പറയുന്നതിങ്ങനെയാണു് :”എത്ര സമയം വേണമെങ്കിലും വാചാലമായി പ്രസംഗിക്കാന്‍ ഇദ്ദേഹത്തിനു വളരെ സാമര്‍ത്ഥ്യമുണ്ടു് ”ആ അതിഥിയെ അപമാനിക്കാന്‍ ഇതു ധാരാളമാണു്.കാരണം വിവരക്കേടു് സംസാരിക്കുക,നിന്ദ്യമായി സംസാരിക്കുക എന്നൊക്കെയാണു് ‘വാചാലത‘ എന്ന വാക്കിനര്‍ത്ഥം.നല്ല പ്രഭാഷകന്‍ എന്ന അര്‍ത്ഥത്തില്‍ “ അദ്ദേഹം നല്ലൊരു വാഗ്മിയാണു് “ എന്നു പറയുന്നതാണു ഭംഗി.
“ ഈ യോഗത്തില്‍ പ്രാസംഗികനായി എത്തിയിട്ടുള്ള” എന്നു പറഞ്ഞു പ്രഭാഷകനെ പരിചയപ്പെടുത്തുന്ന കേട്ടിട്ടില്ലേ?.ആരാണു പ്രാസംഗികന്‍? പ്രസംഗവശാല്‍ അതായതു ‘സന്ദര്‍ഭവശാല്‍‘ അല്ലെങ്കില്‍ ‘വിചാരിച്ചിരിക്കാതെ വന്നവന്‍(വിളിക്കാതെ വലിഞ്ഞുകയറിവന്നവന്‍)‘എന്നാണു് ആ വാക്കിനര്‍ത്ഥം.അതാണോ വക്താവു് ഉദ്ദേശിച്ചതു് !.തീര്‍ച്ചയായും അല്ല.അപ്പോള്‍ അദ്ദേഹം ഉപയോഗിക്കേണ്ടിയിരുന്നതു് പ്രഭാഷകന്‍ അല്ലെങ്കില്‍ പ്രസംഗകര്‍ത്താവു് എന്ന വാക്കായിരുന്നു.
(ചില കവിയരങ്ങുകളില്‍ അതില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയില്ലെങ്കിലും വേദിയിലെത്തി ഭാരവാഹികളെ സമീപിച്ച്, പേരെഴുതിച്ച്,കവിത അവതരിപ്പിക്കുന്നവരെ കണ്ടിട്ടില്ലേ?പക്ഷേ, അവരെ പ്രാസംഗികരായി എന്നു വിശേഷിപ്പിച്ചു കേട്ടിട്ടുമില്ല.!).   
                                                                                                                                                                                                                                                                                                                                                                                                                                                                                         അര്‍ത്ഥം അറിയാതെ. (രണ്ടാം ഭാഗം)
                                                                                                                                                                                                                                                                                                                                    വളരെയേറെ ആൾക്കാർ ശ്രദ്ധിക്കാതെ പോകുന്ന, അബദ്ധം എഴുതി വയ്ക്കുന്ന ചില പദങ്ങൾ ഉണ്ട്. ഇത് ശ്രദ്ധിക്കൂ :
ചില ക്രിയകള്‍ വര്‍ത്തമാനകാലത്തില്‍ എഴുതുമ്പോള്‍ ‘യ ’കാരം ചേര്‍ത്തില്ലെങ്കില്‍ അര്‍ത്ഥം മാറിപ്പോവും.
മറക്കുക, ഇളക്കുക, ഉറക്കുക, അലക്കുക, അടക്കുക, ഉടക്കുക, അരക്കുക, അറക്കുക, കുഴക്കുക, കനക്കുകതുടങ്ങിയ അകാരന്ത്യമായ ധാതുക്കൾ ഉള്ള വാക്കുകളുടെ ഇടയിൽ യകാരം വന്നാൽ അർത്ഥം എത്ര മാറിപ്പോകും എന്ന് നോക്കൂ.
മറയ്ക്കുക, ഇളയ്ക്കുക, ഉറയ്ക്കുക, അലയ്ക്കുക, അടയ്ക്കുക, ഉടയ്ക്കുക, അരയ്ക്കുക, അറയ്ക്കുക, കുഴയ്ക്കുക. കനയ്ക്കുക.
ഇതെങ്ങനെ അറിയും.ആ ക്രിയയുടെ ഭൂതകാലം നോക്കുക. അതു ച്ചു വിലാണു് അവസാനിക്കുന്നതെങ്കില്‍യകാരം ചേർത്ത്‌ വര്‍ത്തമാനകാലം എഴുതുന്നതാണു് ഭംഗി.കിടച്ചു-കിടയ്ക്കുക,കിടന്നു-കിടക്കുകമറച്ചു-മറയ്ക്കുക,മറന്നു-മറക്കുക.
എന്നാൽ പഠിക്കുക, ഇരിക്കുക, മുറിക്കുക, കരിക്കുക, പിരിക്കുക, അടിക്കുക, പിടിക്കുക ഇങ്ങനെ ഇകാരത്തിൽ അവസാനിക്കുന്ന ധാതുവിനോട് യകാരം ചേർക്കേണ്ട ആവശ്യമില്ല. അങ്ങിനെ വേറെ വാക്കുകൾ ഇല്ല. വടക്കുള്ളവരും തെക്കുള്ളവരും ഇതുച്ചരിക്കുന്നതിൽ വ്യത്യാസം കാണിക്കാറുണ്ട്. തെക്കുള്ളവർ യകാരം ചേർത്താണ് പറയുക. ആരുടെ ഉച്ചാരണം ആണ് ശരിയെന്നു എനിക്കറിയില്ല.
നാണം മറയ്ക്കുക എന്ന് ഭാര്യയോടോ മകളോടോ ആവശ്യപ്പെടുമ്പോൾ നാണം മറക്കുക എന്ന് എഴുതിയാൽ എങ്ങനെയിരിക്കും ?
ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ യകാരം ചേർത്താലും കുഴപ്പമാണ്. ബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാൻ സാധിക്കും. പക്ഷെ അരയ്ക്കിട്ടുറപ്പിക്കാൻ ചെന്നാലോ ??
എഴുതുമ്പോൾ വളരെ ശ്രദ്ധിക്കണം.
ചന്ദ്രൻ എന്ന വാക്ക് വടക്കുള്ളവർ ചന്ദ് റൻ എന്നും തെക്കുള്ളവർ ചന്ദ് രൻ എന്നും ഉച്ചരിക്കുന്നു. ആരാണാവോ ശരിക്കുച്ചരിക്കുന്നത് ? (സംസാരത്തിനിടയ്ക്ക് ഇങ്ങനെയുള്ള വാക്കുകൾ വന്നാൽ ഉടനെ തന്നെ അയാൾ എവിടുത്തുകാരനാനെന്നു ഏകദേശം നമുക്കൂഹിക്കാം. അതുപോലെ തന്നെയുള്ള ഭ്രാന്ത്, ക്രിയ, ചക്രം, മുക്ര, വക്രം തുടങ്ങിയവയും എങ്ങനെ ഉച്ചരിക്കണം എന്ന് അറിവുള്ളവർ പറഞ്ഞു തരണം. അതിന് എന്തെങ്കിലും നിയമങ്ങൾ ഉണ്ടോ എന്നും.) 
                                                                                                                                                           അർത്ഥം അറിയാതെ (മൂന്നാം ഭാഗം)
                                                                                                                                                                                                                                                                                                                        പുസ്തകം, മുറി, പെട്ടി തുടങ്ങിയവ അടയ്ക്കണം. പണം ബാങ്കിലോ, ട്രഷറിയിലോ ഒക്കെ അടയ്ക്കണം. (പല ധനകാര്യ സ്ഥാപനങ്ങളിലും പണം അടക്കുന്ന സ്ഥലം എന്ന് ബോർഡ് എഴുതി വച്ചിരിക്കുന്നത് കാണാം. അത് കുറ്റകരമാണ്. പണം കുഴിച്ചിടാൻ പാടില്ല. അതായത് പൂഴ്ത്തിവയ്പ് !)
ഓർമ്മകളെ മനസ്സിന്റെ ചെപ്പിനുള്ളിൽ അടയ്ക്കാം. പിന്നീട് എടുത്തുപയോഗിക്കാം. അടക്കുകയും ചെയ്യാം; പക്ഷേ, അവ മരിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കണം. പെട്ടിയിൽ സാധനങ്ങൾ അല്ലെങ്കിൽ തുണിയൊക്കെ അടുക്കി വയ്ക്കാം. അതുകഴിഞ്ഞ് പെട്ടി അടയ്ക്കണം, അടക്കരുത്.
പ്രതിയെ ജയിലിനുള്ളിൽ അടക്കരുത്. കേസിനു പുറത്ത് കൊലപാതകത്തിന് വേറെ കേസാകും.
പണ്ട്, പെണ്‍കുട്ടികൾ പുസ്തകങ്ങൾ മാറോടടുക്കിപ്പിടിച്ചു കൊണ്ടാണ് വിദ്യാലയത്തിൽ പോയിരുന്നത്. അമ്മയായിക്കഴിഞ്ഞാൽ അവർ കുട്ടികളെ മാറോടടക്കിപ്പിടിക്കുകയും ചെയ്യും; സ്വന്തം ഹൃദയത്തോട് ചേർത്ത്. കാമുകിയെയും, ഭാര്യയേയും ഇങ്ങനെ പുരുഷൻ മാറോടടക്കിപ്പിടിക്കും, സ്നേഹവായ്പോടെ.
പെണ്‍കുട്ടികളോട് 'അടക്കവും ഒതുക്കവും' ഉള്ളവരായി നടക്കാനാണ് അമ്മൂമ്മമാർ ഉപദേശിക്കാറുള്ളത്. വികാരങ്ങൾ അടക്കി വയ്ക്കണം, വിനയം വേണം, സ്വയം നിയന്ത്രണം വേണം എന്നൊക്കെയാണ് വിവക്ഷ. അടക്കമില്ലാത്തവൾ അടുപ്പിൽ എന്നാണു പഴമൊഴി. അപകടത്തിൽ ചാടും എന്നാണു സാരം.
ഉറുപ്പ് എന്നാൽ നെഞ്ചു, കൈ, തോൾ എന്നീ ഭാഗങ്ങൾ. ഉറുപ്പടക്കം പിടിക്കുക എന്നാൽ ഈ എല്ലാ ഭാഗങ്ങളും അടക്കം അനങ്ങാൻ വയ്യാതെ മാറ്റാനെ കൂട്ടിപ്പിടിക്കുക എന്നാണു അർത്ഥം.
അടുക്കും ചിട്ടയുമൊക്കെ വേണം എന്ന് കാരണവന്മാർ ഉപദേശിക്കാറുണ്ട്. കാര്യങ്ങളൊക്കെ അതാതിന്റെ രീതിയിൽ ചെയ്യണം, അല്ലാതെ വാരിവലിച്ച് ഒന്നും ചെയ്യരുതെന്നാണ്.
മുട്ടയുടെ മുകളിൽ അവ വിരിയിക്കാൻ കോഴി ഇരിക്കുന്നതിനു അടയിരിക്കുക എന്നാണു പറയാറുള്ളത്. കോട്ടയത്തൊക്കെ പൊരുന്നയിരിക്കുക എന്നും പറയും. ഇതിനെ അടക്കോഴി/പൊരുന്നക്കോഴി എന്ന് വിളിക്കുന്നു. ഒരു കാര്യം വെറുതെ വച്ച് താമസിപ്പിക്കുന്നതിനും അടയിരിക്കുക എന്ന് പറയാറുണ്ട്‌.
അടക്കംകൊല്ലി വലയെക്കുറിച്ചു കേട്ടിട്ടുണ്ടല്ലോ. ചെറിയ മീനുകൾ പോലും പുറത്തു പോകാതെ മൊത്തം തൂത്തു വാരുന്ന, കണ്ണികൾ അടുത്ത വലകൾ ആണിവ.
പക്ഷെ ഇതൊന്നും ശവം അടക്കുന്ന പോലെയല്ല. സൂക്ഷിക്കുക.
ഇതൊക്കെ നിങ്ങൾ ഇങ്ങനെ തെറ്റായി എഴുതുമ്പോൾ എനിക്ക് കണ്ണടയ്ക്കാനാവില്ല. എന്റെ കണ്ണടയുംവരെ ഇതൊക്കെ ഞാൻ വിളിച്ചു പറയും. പക്ഷെ, എന്റെ കണ്ണടയും കൂടി ഉണ്ടെങ്കിലേ എനിക്കിപ്പോൾ ഇതൊക്കെ സാധിക്കുകയുള്ളൂ എന്ന് മാത്രം !
(കാൽ വെള്ളയിലെ ഒരു മർമ്മവും, ഒരു തരം വാദ്യവും അടക്കം എന്ന പേരിൽ അറിയപ്പെടുന്നുണ്ട്)
                                                                                                                                                         അർത്ഥമറിയാതെ (നാലാം ഭാഗം)
                                                                                                                                                                                                                                                                                                                                  വാക്കുകളൊക്കെ എങ്ങനെയെങ്കിലുമൊക്കെ എഴുതിയാൽ പോരേ, ആശയം മനസ്സിലായാൽ മതിയല്ലോ എന്നൊക്കെയാണ് ഇന്നത്തെ ചിന്താഗതി. അവരോടു എനിക്കൊന്നും പറയാനില്ല. അവർ പിന്നാക്കം നടക്കുന്നവരാണ്.
ഭാഷയിൽ വാക്കുകൾ ഉരുത്തിരിഞ്ഞു വന്നതിനു ഒരു കഥയുണ്ട്, ചരിത്രമുണ്ട്. പല പദങ്ങളും ദേവഭാഷയായ സംസ്കൃതത്തിൽ നിന്നും, ചിലത് തമിഴ്, തെലുങ്ക്‌, ഹിന്ദി, കന്നഡ തുടങ്ങിയ നാട്ടുഭാഷകളിൽ നിന്നും, മറ്റു ചിലവ അറബി, ഇംഗ്ലീഷ്, പോർട്ടുഗീസ്‌ തുടങ്ങിയ വിദേശ ഭാഷകളിൽ നിന്നും കടം കൊണ്ടിട്ടുള്ളവയാണ്‌. പല പല പരിണാമ ദശകളിൽക്കൂടി കടന്നാണ് മലയാളം ഇന്നത്തെ രീതിയിലായത്. പല വാക്കുകളും അതേ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അർത്ഥമില്ലത്താകും. അവയിലൊന്നും വെള്ളം ചേർക്കാനാവില്ല. അതൊക്കെ അങ്ങനെ തന്നെ നാം ഉപയോഗിക്കണം.
ൽ എന്നും ല് എന്നും രണ്ടു ചില്ലുകൾ ഒരേ ഉച്ചാരണം വരുന്നവയാണ്. അതു തോന്നിയപോലെ ചേർക്കാൻ പാടില്ല. അതാതു ക്രിയാ ധാതുവിന്റെ/ മൂല പദത്തിന്റെ ലക്ഷണം നോക്കിയാണ് ഇത് ചേർക്കേണ്ടത്. ഉദാ: വില എന്ന പദത്തിൽ നിന്നാണ് വില്പന ഉണ്ടായിരിക്കുന്നത്. അതു വിൽപന എന്നെഴുതിയാൽ ശരിയല്ല.
ശില എന്ന പദത്തിൽ നിന്നാണ് ശില്പി, ശില്പം ഒക്കെ ഉണ്ടായിരിക്കുന്നത്. അതു ശിൽപി, ശിൽപം എന്നൊക്കെ എഴുതാൻ പാടില്ല. കല്ല്‌ എന്ന പദത്തിൽ നിന്നും കല്പണി, കല്ച്ചട്ടി, കല്ത്തൊട്ടി, കല്പടവ്, കല്ക്കണ്ടം എന്നിവ ഉണ്ടായി. ജല്പനം, കല്പന, തല്പം ഇതും ശരി. കല്പന എന്ന പദത്തിൽ നിന്നാണ് കാല്പനികത ഉണ്ടായത്.
ഉത്പതനം (ഉൽപതനം) എന്നാൽ ജനനം, മേല്പോട്ടു കയറ്റം, പറക്കൽ എന്നൊക്കെയാണ്. അതുകൊണ്ടാണ് ഉത്പതിഷ്ണു എന്നാൽ പുരോഗമനവാദി എന്ന അർത്ഥം വരുന്നത്. (എതിർപദം യാഥാസ്ഥിതികൻ) ഉൽപത്തി (ഉത്പത്തി), ഉൽപന്നം (ഉത്പന്നം) ഉൽപലം (ചെങ്ങഴിനീർപ്പൂവു, കരിങ്കൂവളം, നൈതൽപുഷ്പം, താമര), ഉൽപലാക്ഷൻ (കരിങ്കൂവളപ്പൂ പോലെ കണ്ണുള്ളവൻ) പക്ഷേ, ഉൽപല എന്നാൽ ശോഷിച്ച എന്നാണ്. ശരീരത്തിൽ മാംസം ഒട്ടുമില്ല എന്നർത്ഥം. ഉൽപാതകൻ എന്നാൽ പ്രക്ഷോഭകാരി. ഉൽപാദകൻ നിർമ്മാതാവ്. ഉൽക്ക എന്നാൽ ആഗ്രഹമുള്ള, ദു:ഖമുള്ള, ഒഴിഞ്ഞ, ശ്രദ്ധയില്ലാത്ത എന്നൊക്കെയാണ്. ഉൽക്കട എന്നാൽ ശക്തിയേറിയ, വർദ്ധിച്ച എന്നൊക്കെ. ഉൽക്കടേച്ഛ, ഉൽക്കണ്ഠ, ഉൽക്കർഷേച്ഛു, ഉൽപ്രേക്ഷ (ഭാവന, മേല്പോട്ടു നോക്കൽ, ഊഹം) ഇതൊക്കെ ശരി. ഉല്ഭവം തെറ്റാണ്. ഉത്ഭവം എന്ന് വേണം എഴുതാൻ. ഉൾപുളകം ശരിയല്ല. ഉൽപുളകം എന്നാണു ശരി. രോമാഞ്ചം എന്നർത്ഥം.
മുൻ കാലമാണ് മുല്ക്കാലം. പിൻ കാലം പില്കാലവും. (സന്ധി ചെയ്യുമ്പോൾ ൻ എന്ന വർണ്ണത്തെ ല് ആദേശം ചെയ്യും) മുൻകാലപ്രാബല്യത്തോടെ ശിക്ഷാവിധി പ്രഖ്യാപിക്കാറുണ്ട്‌. അത് സാങ്കേതികമായി തെറ്റാണെന്ന് പറഞ്ഞാൽ കോടതിയലക്ഷ്യമാകുമോ ആവോ !! തല്ക്കാലം എന്നെഴുതിയാൽ തെറ്റാണ്. തത്കാലം അഥവാ തൽക്കാലം എന്ന് വേണം എഴുതാൻ. ആ കാലം, വർത്തമാനകാലം, ഇപ്പോഴത്തേക്ക് എന്നൊക്കെ അർത്ഥം. തല്പര കക്ഷി തെറ്റാണ്. തത്പര കക്ഷി അഥവാ തൽപര കക്ഷി എന്നാണു ശരി. സൽക്കാരം, സൽക്കർമ്മം, സൽക്കഥ ഇതൊക്കെ ശരി. സല്ഗുണവും സൽഗുണവും തെറ്റാണ്. സദ്‌ഗുണം ആണ് ശരി. (സത്+ഗുണം=സദ്‌ ഗുണം) ആല്മാവ്, ആൽമാവ് ഇതൊന്നും ശരിയല്ല. ആത്മാവ് എന്നാണു ശരി. വത്സരം എന്നത് വല്സരം എന്നെഴുതിയാൽ ശരിയാകില്ല. സീൽക്കാരം എന്നതിന് ശീല്ക്കാരം എന്നോ സീല്കാരം എന്നോ എഴുതാൻ പാടില്ല.
മുല്പാട് എന്നാൽ പ്രാധാന്യം, ആദ്യമായി, മുൻകൂറായി, മുമ്പ് എന്നൊക്കെയാണ്. മുല്പൂകുക എന്നാൽ മുന്നോട്ടു പോകുക എന്നും, മുല്പെടുക്കുക എന്നാൽ പ്രമാണിയാകുക എന്നും അർത്ഥം. മുല്പൊഴുത് എന്നാൽ മുമ്പ് എന്ന് മാത്രമേ അർത്ഥമുള്ളൂ.
കാൽ എന്നാൽ നാലിൽ ഒന്ന്. കാൽ, കാല് എന്നിവ രണ്ടും പാദത്തിനു പറയാം. കാലുക എന്നാൽ ചരിക്കുക. ചാല്, തൂണ്, കതിര് അങ്ങനെ പല അർത്ഥങ്ങളും ഇതിനുണ്ട്. കാലു പിടിക്കുക, കാൽ കെട്ടുക, കാലറുക്കുക, കാലു വാരുക, കാല്ക്കൽ വീഴുക ഇതൊക്കെ കാലിനോടനുബന്ധിച്ചുള്ള ചൊല്ലുകൾ.കാല്പന്തി, കാല്പലക,കാല്പറ്റ്, കാല്പാട്, കാല്പൂഴി, കാല്പെരുമാറ്റം, കാല് വായ്‌, കാല് വണ്ണ, കാല് ശരായി, കാല് വിലങ്ങ്, കാല് വിരൽ ഒക്കെ കാലിനോട് ചേർന്ന പദങ്ങൾ.
വല്മി എന്നാൽ ഉറുമ്പ്. വല്മം ചിതൽ. വല്മികൂടം, വല്മീകം എന്നൊക്കെപ്പറഞ്ഞാൽ ചിതൽപ്പുറ്റ്. (വല്മീകത്തിനു മന്ത് എന്നും അർത്ഥമുണ്ട്) വല്മീകത്തിൽ നിന്നുണ്ടായ ആൾ വാല്മീകി. അത് വാൽമീകി, വാത്മീകി എന്നൊക്കെ ഏഴുതിയാൽ ശരിയാവില്ല. (ഏതോ ഒരു സ്വപ്നം എന്ന സിനിമയിൽ - ഒരു മുഖം മാത്രം കണ്ണില്‍ ഒരു സ്വരം മാത്രം കാതില്‍ - എന്ന ഗാനത്തിൽ വാൽമീകങ്ങൾ എന്ന് പാടുന്നുണ്ട്. ഗാന രചയിതാവ് ശ്രീ ശ്രീകുമാരൻ തമ്പി സാറിനു തെറ്റാൻ സാദ്ധ്യതയില്ല !)
രോമകല്പനം എന്നാൽ രോമം മുറിക്കൽ, മുടി വെട്ടൽ എന്നൊക്കെയാണ് അർത്ഥം.
പുല്കുക എന്നാൽ ആലിംഗനം ചെയ്യുക. പുല്ല് എന്ന വാക്കിൽ നിന്നാണ് പുല്ക്കൊടി, പുല്ത്തകിടി, പുല്പായ, പുല്ലാങ്കുഴൽ എന്നിവ വന്നിരിക്കുന്നത്. ഏല്ക്കുക, എഴുന്നേല്പ്പിക്കുക, അല്പം, സ്വല്പം, കല്പം, കല്പാന്തകാലം , കല്പന, വ്യുല്പത്തി, നില്ക്കുക തുടങ്ങിയവയ്ക്കെല്ലാം ലകാരച്ചില്ലുപയോഗിക്കണം. ശല്ക്കം എന്നാൽ ഖണ്ഡം, തൊലി, ചെതുമ്പൽ, മത്സ്യം എന്നൊക്കെ അർത്ഥമുണ്ട്. ശല്ക്കലം എന്നാൽ ചെതുമ്പൽ. ശല്ക്കി, ശല്ക്കലി എന്നാൽ മത്സ്യം.
സൽപുത്രൻ, സൽക്കർമ്മം, സൽക്കരിക്കുക, സാക്ഷാൽക്കരിക്കുക, കല്മഷം ഇതൊക്കെയാണ് ശരിയായ പദങ്ങൾ.
(ൽ എന്ന ചില്ലക്ഷരം ചിലപ്പോൾ സന്ധിയിൽ ല എന്നായി വരാറുണ്ട്. വന്നാൽ +അറിയാം =വന്നാലറിയാം, വന്നാൽ + ആർക്കും = വന്നാലാർക്കും, കേട്ടാൽ+ഓടും= കേട്ടാലോടും, പറഞ്ഞാൽ + ഇരിക്കാം = പറഞ്ഞാലിരിക്കാം, കണ്ടാൽ+ ഉടൻ = കണ്ടാലുടൻ, കേട്ടാൽ + ഉടൻ = കേട്ടാലുടൻ എന്നിങ്ങനെ)

അർത്ഥം അറിയാതെ (അഞ്ചാം ഭാഗം)
                                                                                                                                                                                                                                                                                                                                  “അവന്റെ അവലക്ഷണംകെട്ട മുഖം കണ്ടാല്‍ പിന്നെ ആ ദിവസം പോക്കാ”.ചിലര്‍ ദേഷ്യം കൊണ്ടു് ഇങ്ങനെ പറയും. എന്താണര്‍ത്ഥം? വക്താവു് ഉദ്ദേശിച്ചതാണോ പറഞ്ഞതു് ? ലക്ഷണംകെട്ട എന്നായിരുന്നു പറയേണ്ടിയിരുന്നതു്. അവലക്ഷണമായ എന്നുമാകാം.
അതുപോലെയാണു “അവന്റെ ഉപേക്ഷക്കുറവുകൊണ്ടാണു പരീക്ഷ തോറ്റതെ“ന്നു പറയുന്നതും.(രണ്ടു നെഗറ്റീവ് പോസിറ്റീവാകുന്നതു ഭാഷയിലും പ്രസക്തം )
പല യോഗങ്ങളിലും ഇങ്ങനെ കേള്‍ക്കാറുണ്ടു് : ”ഈ യോഗത്തിന്റെ അദ്ധ്യക്ഷം വഹിക്കുന്ന ശ്രീ ...” കുഴഞ്ഞല്ലോ പ്രശ്നം! അദ്ധ്യക്ഷം വഹിക്കുക എന്നു പറഞ്ഞാല്‍ അദ്ധ്യക്ഷനെ ചുമക്കുക എന്നാണര്‍ത്ഥം. അവിടെ ആരും അങ്ങനെ ചെയ്യുന്നില്ലാതാനും. പറയേണ്ടിയിരുന്നതു് ആദ്ധ്യക്ഷം വഹിക്കുന്നതു്, അദ്ധ്യക്ഷത വഹിക്കുന്നതു് എന്നൊക്കെയാണു്.ആദ്ധ്യക്ഷത വഹിക്കുന്നതും തെറ്റാണു്.
‘അതിഭയങ്കരമായ‘ പ്രസംഗം നിങ്ങള്‍ കേട്ടിട്ടുണ്ടോ? മണിയാശാന്റെ കുപ്രസിദ്ധമായ വണ്‍, ടൂ, ത്രീ പ്രസംഗം ആണെങ്കില്‍ ശരിയാവാം. പക്ഷേ, പ്രശംസാര്‍ഹമായ,അഗാധമായ അറിവു പകരുന്ന പ്രസംഗമാണെങ്കില്‍ അത്യുജ്ജ്വലമായ,ഗംഭീരമായ എന്നൊക്കെ വിശേഷിപ്പിക്കുന്നതാണു ഭംഗി. ഭയങ്കര ഇഷ്ടം, ഭയങ്കര സ്നേഹം ഇതൊക്കെ തെറ്റാണ്. ഭയങ്കരം എന്നാൽ ഭയം ഉളവാക്കുന്നത് എന്നാണു. അങ്ങനെ ഒരു സ്നേഹം അല്ലെങ്കിൽ ഇഷ്ടം ആർക്കെങ്കിലും ഉണ്ടാകുമോ?
പ്രായപൂര്‍ത്തി തികഞ്ഞവര്‍ക്കെല്ലാം ഇന്‍ഡ്യയില്‍ വോട്ടവകാശമുണ്ടു്‌" എന്നു ഗമയില്‍ പറയുന്നവരുണ്ടു്‌. പ്രായം തികയുന്നതാണു പ്രായപൂര്‍ത്തി. പിന്നെ ഒന്നുകൂടി 'തികയണ്ടാ'. പ്രായപൂര്‍ത്തി ആയവര്‍ക്കെല്ലാം എന്നാണു പറയേണ്ടതു്‌.
അതുപോലെ 'സദാസമയവും കമ്പ്യൂട്ടറിന്റെ മുന്നിലാണല്ലോ!' എന്നു ഭാര്യ പരാതി പറഞ്ഞാല്‍ അവരോടു പറയാം "സദാ എന്നാല്‍ എല്ലാസമയവും എന്നാണു്‌ അതുകൊണ്ടു്‌ 'സദാ കമ്പ്യൂട്ടറിന്റെ.........' എന്നു പറഞ്ഞാല്‍ മതി" എന്നു്‌.
“അവനു നല്ല ചുമതലാബോധമുണ്ടു് ”: ചിലര്‍ അഭിമാനപൂര്‍വ്വം പറയാറുണ്ടു്. പക്ഷേ ആവശ്യമില്ലാതെ ദീര്‍ഘിപ്പിച്ച ഒരു വാക്കാണു് ചുമതലാബോധം. ശരിക്കും അതു ചുമതലബോധം ആണു് .
അതുപോലെതന്നെയാണു് താഴെക്കൊടുത്തിരിക്കുന്ന ഈ വാക്കുകളും. അവയുടെ ശരിയായ രൂപം ബ്രാക്കറ്റിലുണ്ടു് :
വായനാശീലം (വായനശീലം), വളര്‍ച്ചാനിരക്കു് (വളര്‍ച്ചനിരക്കു്),ഗീതാഗോവിന്ദം (ഗീതഗോവിന്ദം),ബഹുഭാര്യാത്വം (ബഹുഭാര്യത്വം)സാര്‍വ്വജനീനം (സര്‍വ്വജനീനം),സാമ്രാട്ടു് (സമ്രാട്ടു്),കേരളാ മുഖ്യമന്ത്രി (കേരളമുഖ്യമന്ത്രി).
എന്നാല്‍ ദീര്‍ഘം ആവശ്യമുള്ള ഇടങ്ങളില്‍ അതു ഹ്രസ്വമാക്കുന്ന പ്രവണതയും ചിലര്‍ക്കുണ്ടു്.പക്ഷെ (പക്ഷേ),വയ്യ (വയ്യാ),പോര (പോരാ) (ഭാര്യ അത്ര പോര എന്ന ചലച്ചിത്രം ഓർക്കുക),നേരെ (നേരേ),ചാരെ (ചാരേ),
എനിക്ക് വേണ്ട - ഇതിന്റെ അർത്ഥം എല്ലാവരും നിഷേധാർത്ഥത്തിൽ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് രണ്ടു രീതിയിലും വരും. എനിക്ക് വേണ്ട കാര്യമില്ല. എനിക്ക് വേണ്ട കാര്യമുണ്ട്. നോക്കൂ മറ്റൊരു വാക്ക് ചേർത്തപ്പോൾ അതിനു വന്ന വ്യത്യാസം. പല ക്രിസ്ത്യൻ പള്ളികളുടെയും മുമ്പിൽ " പേടിക്കേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്" എന്നെഴുതി വച്ചിരിക്കുന്നത് കാണാം. നിന്നോടുകൂടെയുള്ള എന്നെ പേടിക്കണം എന്നാണു ഇതിന്റെ അർത്ഥം. പക്ഷേ, വി. വേദപുസ്തകത്തിൽ "പേടിക്കണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട് " എന്നാണു പറഞ്ഞിരിക്കുന്നത്. അപ്പോഴേ അർത്ഥം ശരിയാകൂ. നോക്കൂ ഒരു വാക്കിൽ ദീർഘം ഇല്ലാത്തതിനാൽ അതിന്റെ അർത്ഥം ഉദ്ദേശിച്ചതിന് നേരെ വിപരീതമായല്ലേ വന്നത് ? ഇതിന്റെ ആവശ്യമില്ല എന്നുള്ള അർത്ഥം വരണമെങ്കിൽ 'ആ' എന്ന നിഷേധ പ്രത്യയം ചേർത്തു വേണ്ടാ എന്ന് തന്നെ എഴുതണം. ഇത് പോലെ തന്നെ ആണ് നില്ക്കണ്ട, നോക്കണ്ട, കാണണ്ട, കേൾക്കണ്ട, മിണ്ടണ്ട എന്നൊക്കെയുള്ളതും. എല്ലാറ്റിനും മുകളിൽ പറഞ്ഞതു ബാധകം.
ചൂരൽ കൊണ്ടും പനമ്പ് കൊണ്ടും ഓല കൊണ്ടും ഒക്കെ കൂട ഉണ്ടാക്കാറുണ്ട്. എന്നാൽ അറിഞ്ഞു കൂട, കണ്ടു കൂട, കേട്ടു കൂട, മിണ്ടിക്കൂട ഇങ്ങനെയും ചിലർ 'കൂട'കൾ സൃഷ്ടിക്കാറുണ്ട്. ഇതെന്തു കൂട എന്ന് ഞാൻ പലരോടും ചോദിച്ചിട്ടുണ്ട്. മുമ്പിലുള്ള വാക്കിന്റെ കൂടെ കൂടാ എന്ന് ചേർത്തെങ്കിലേ നിഷേധദ്ധ്വനി വരൂ.
‘സദാസമയം‘ എന്നപോലെ അര്‍ത്ഥം അറിയാതെ പറയപ്പെടുന്ന മറ്റു ചില വാക്കുകളും ഉണ്ടു്. ഭയചകിതനായി എന്നു പലരും പറയാറില്ലേ.ആരാണു് ചകിതന്‍ ? ഭയപ്പെട്ടവന്‍ .അപ്പോള്‍ ഭയചകിതന്‍ വേണ്ടാ. ചകിതന്‍ എന്നു മാത്രം മതി.മുഖരിതം എന്നാല്‍ ശബ്ദം മുഴങ്ങുന്ന എന്നാണു്. അതിനാല്‍ ശബ്ദമുഖരിതം വേണ്ടാ. മുഖരിതം മാത്രം മതി.പണ്ടുകാലം വേണ്ടാ. പണ്ടു് (പഴയ കാലം) മതി.
അതുപോലെ ഒഴിവാക്കേണ്ടുന്ന പ്രയോഗങ്ങള്‍ പലതു്.ചിലവ ഇതാ.(ബ്രാക്കറ്റില്‍ ശരിയായ പ്രയോഗം).
അന്നേ ദിവസം വൈകുന്നേരം(ആ ദിവസം വൈകുന്നേരം)കൂടുന്ന സമ്മേളനം (നടക്കുന്ന സമ്മേളനം)തമ്മില്‍ത്തമ്മിലുള്ള കൂട്ടിമുട്ടലൊഴിവാക്കാന്‍ (കൂട്ടിമുട്ടലൊഴിവാക്കാന്‍ )
                                                                                                                                                                 അർത്ഥമറിയാതെ (ആറാം ഭാഗം )                                                                                                                                                                                                                                                                                                                                                                                                                                                   തെറ്റാണെന്നറിയാതെ പറഞ്ഞുപറഞ്ഞു സ്ഥിരം ഉപയോഗത്തിലായ ചില വാക്കുകള്‍.
                                                                                                                                                          സാറിന്റെ ഒരു ശുപാര്‍ശ വേണമായിരുന്നു.പക്ഷേ ശുപാര്‍ശയല്ല ശിപാര്‍ശയാണു ശരിയെന്നു പറഞ്ഞാല്‍ അയാള്‍ സമ്മതിക്കുമോ ?“തിരുനക്കര മൈതാനിയിലെ” ഇതിലെ മൈതാനി എവിടെനിന്നു വന്നു?മൈതാനം ഉണ്ടൂ്.മൈതാനി പറഞ്ഞുണ്ടാക്കിയെടുത്തു .അത്രതന്നെ.
തിമിയെ(ഒരു ചെറുമത്സ്യം) ഗിലം ചെയ്യുന്നതു് (വിഴുങ്ങുന്നതു്)തിമിംഗിലം ആണു് പക്ഷേ എല്ലാവരും പറയുന്നു തിമിംഗലം!സുദാമാപര്‍വ്വതത്തിന്റെ ദിക്കില്‍നിന്നുവരുന്ന സൌദാമനി (മിന്നല്‍ ) പലര്‍ക്കും സൌദാമിനി ആണ്.
വേഗതയെ വേഗം എന്നും ജാള്യതയെ ജാള്യം എന്നും ശരിയായ വിധം എഴുതുന്നവരും കുറവാണു് .ഒരാളെ സംബോധന ചെയ്യുമ്പോള്‍ വിളി ദീര്‍ഘിപ്പിക്കണമെങ്കിലും ക്ഷണക്കത്തിലൊക്കെ മാന്യരെ,സുഹൃത്തെ എന്നൊക്കെയല്ലേ കണ്ടുവരുന്നതു് ? പക്ഷേ മാന്യരേ, സുഹൃത്തേ എന്നവയാണു് ശരിയായ പ്രയോഗങ്ങള്‍.
'ആന്‍ ‍'എന്നതില്‍ ആവശ്യകത അല്ലെങ്കില്‍ ആഗ്രഹം നിഴലിക്കുന്നുണ്ടു്‌. പിന്നെ ഒരു വേണ്ടി യുടെ ആവശ്യം വരുന്നില്ല. അങ്ങനെയുള്ള പ്രയോഗങ്ങള്‍ നോക്കൂ. .'പുറപ്പെടാന്‍ വേണ്ടി പോയി' എന്നതു നേരേ ഉദ്ദേശിച്ച സ്ഥലത്തേക്കാണു പോയതെങ്കില്‍ പുറപ്പെട്ടു എന്നും ഇടയ്ക്കു ഒരു താമസമുണ്ടാകും, പിന്നെ അവിടെ നിന്നുമാണു പോകുന്നതെങ്കില്‍'അവന്‍ അമേരിക്കയ്ക്കു പുറപ്പെടാന്‍ മദ്രാസിലേക്കു പോയി' എന്നും പറയാം. തരുവാന്‍ വേണ്ടി വരേണ്ടാ. തരാന്‍ വന്നാല്‍ മതി. ഇവിടെയൊന്നും 'വേണ്ടി' വേണ്ടാ. ‘പട്ടിക്കു കഴിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഭക്ഷണം’ ഇങ്ങനെ ആവശ്യമില്ലാത്ത പരത്തിപ്പറയല്‍ പലര്‍ക്കും പഥ്യമാണു്. കഴിക്കാന്‍ വേണ്ടിയാണു ഭക്ഷണം ഉണ്ടാക്കുന്നതു്.പിന്നെ അതു കൂടാതെ ‘കഴിക്കാന്‍ ‍‘ എന്നു പറയുമ്പോള്‍ത്തന്നെ ആവശ്യകത ആ വാക്കിലുണ്ടു്. പിന്നെ ‘വേണ്ടി‘ വേണ്ടാ.അപ്പോള്‍ ഈ വാചകം ശരിയായി എഴുതിയാല്‍ ഇങ്ങനെയാകും.’പട്ടിക്കുവേണ്ടി ഉണ്ടാക്കിയ ഭക്ഷണം’.
‘ഒരാള്‍ ചെയ്യുന്ന പ്രവൃത്തി’ എന്നതു”ഒരാളുടെ പ്രവൃത്തി” എന്നെഴുതിയാല്‍ മതി. ചെയ്യുന്നതാണു ‘പ്രവൃത്തി’ പ്രവർത്തിക്കുക്ക എന്നതാണ് ക്രിയാപദം. പ്രവർത്തി എന്നെഴുതരുത്. പ്രവർത്തിച്ചു, പ്രവർത്തിക്കുന്നു, പ്രവർത്തിക്കും എന്നൊക്കെയേ എഴുതാവൂ.
ഈ പുസ്തകം വായിക്കാൻ നിവർത്തിയില്ല എന്ന് പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് ? പുസ്തകം തുറന്നില്ല എന്നേ അതിനു അർത്ഥമുള്ളൂ. അത് വായിച്ചു മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിനു നിവൃത്തിയില്ല എന്നാണു പറയേണ്ടത്.
‘ഞാന്‍ എന്റെ ഇരുപതാം വയസ്സില്‍‘ എന്നു വേണ്ടാ.‘ഞാന്‍ ഇരുപതാം വയസ്സില്‍‘ എന്നു മതി.“രാമന്‍ അവന്റെ ഭാര്യയുമൊത്തു സിനിമയ്ക്കുപോയി“ എന്നതു് “രാമന്‍ ഭാര്യയുമൊത്തു സിനിമയ്ക്കു പോയി” എന്നുമതി.(അയല്‍‌വക്കക്കാരന്റെ ഭാര്യയുമായി നമ്മള്‍ ആരും സിനിമയ്ക്കു പോകാറില്ല്ല്ലല്ലോ !)
‘നടന്നുപോകുന്ന പദയാത്രികര്‍ക്കു വേണ്ടിയുള്ള പരിഷ്ക്കാരം ’ഇതില്‍ ‘നടന്നുപോകുന്ന‘ എന്നതു് ആവശ്യമില്ല.‘ഒരുമണിക്കൂര്‍ സമയ‘ത്തില്‍ സമയവും വേണ്ടാ.‘ഒരുമണിക്കൂര്‍ കാത്തുനിന്നു‘ .അത്രതന്നെ!
പത്രഭാഷയില്‍ പലതരം അനാവശ്യപ്രയോഗങ്ങളും കാണാം.ഇതു വായിച്ചു ശീലിച്ചതിനാല്‍ അവയിലെ തെറ്റുകള്‍ നമ്മള്‍ ശ്രദ്ധിക്കാറുമില്ല.“ബസ്സപകടം.15പേര്‍ കൊല്ലപ്പെട്ടു.”ഒരാളെ മന:പൂര്‍വ്വം വധിക്കുന്നതാണു കൊല്ലല്‍.അപ്പോള്‍ ഇവിടെ ആരും അങ്ങനെ ചെയ്തില്ലല്ലോ.15പേര്‍ മരിച്ചു എന്നു മതി.
ബസ്സിനുള്ളില്‍ പുകവലി പാടില്ല എന്നുള്ളതില്‍ ‘ബസ്സില്‍‘ എന്നു തുടങ്ങിയാല്‍ പോരേ? കിണറ്റിനുള്ളില്‍ വീണു മരിക്കണ്ടാ..കിണറ്റില്‍ മതി.സമരം തീര്‍ന്നുകഴിഞ്ഞതോടെ വേണ്ടാ ..സമരം കഴിഞ്ഞതോടെ അല്ലെങ്കില്‍ സമരം തീര്‍ന്നതോടെ.
കോട്ടയം ഭാഗത്തൊക്കെ "എങ്ങനെയാണ് പോയത് ?" എന്നുള്ള ചോദ്യത്തിന് സാധാരണ കിട്ടുന്ന മറുപടി ഇങ്ങനെയാണ് :"ബോട്ടേക്കേറിപ്പോയി (അല്ലെങ്കിൽ ബസേക്കേറിപ്പോയി") അതിന്റെ മുകളിൽ ഇരുന്നാണ് യാത്ര ചെയ്തതെന്ന് തോന്നും ഇത് കേട്ടാൽ.
തീരുമാനമെടുക്കേണ്ടാ(Take Decision) തീരുമാനിച്ചാല്‍ മതി. വിശ്രമമെടുക്കുന്നവര്‍(Take rest) വിശ്രമിച്ചാല്‍ മതി.വിശ്വാസത്തിലെടുക്കുക(Take into confidence) എന്നതു വിശ്വസിക്കുക എന്നായാലും കുഴപ്പമില്ലപക്ഷേ ഇംഗ്ലീഷില്‍ ചിന്തിച്ചു മലയാളത്തില്‍ പറഞ്ഞാല്‍ അങ്ങനെയൊക്കെയാവും.!
ഭാഷയിലെ വാക്കിന്റെ അര്‍ത്ഥത്തിനുപരി പറയുമ്പോള്‍ മറ്റൊരര്‍ത്ഥം ധ്വനിക്കുന്ന വാക്കുകളും പ്രചാരത്തിലുണ്ടു്.
പോകാന്‍ തുടങ്ങുമ്പോള്‍ മലയാളികള്‍ പറയുന്നു. "എന്നാല്‍ ഞാന്‍ വരട്ടേ ?" അര്‍ത്ഥം ഞാന്‍ പോകട്ടേയെന്നും ! വിചിത്രമായ പ്രയോഗം. അകത്തോട്ടു വരട്ടേയെന്നാണെന്നു ആര്‍ക്കും തോന്നുന്നുമില്ല. പോയ്‌ വരട്ടേ എന്നുള്ള വിടവാങ്ങൽ ലോപിച്ച് വരട്ടേ എന്നുമാത്രമായതാണ്. മലബാറിലാണ് ഈ പ്രയോഗം കൂടുതലുള്ളത്. "എന്നാ പോട്ടേ ?" ഇങ്ങനെ വിടവാങ്ങുന്നത് മര്യാദയില്ലാത്തതാണ് എന്നാണു ചിലരുടെ വിശ്വാസം. തെക്കുള്ള ഒരു വീട്ടിൽ ഒരു മലബാറുകാരൻ വന്ന് തന്റെ സുഹൃത്തിനെ അന്വേഷിച്ചുവെന്നും ആൾ സ്ഥലത്തില്ലെന്ന് ഭാര്യ പറഞ്ഞപ്പോൾ, വളരെ ഭവ്യമായി, ഇങ്ങനെ " എന്നാൽ വരട്ടേ" എന്നുള്ള വിടവാങ്ങൽ നടത്തിയെന്നും, അത് ചോദ്യമായി തെറ്റിദ്ധരിച്ച ഭാര്യ ബഹളം കൂട്ടിയെന്നുമൊക്കെ ഞങ്ങളുടെ നാട്ടിൽ ഒരു തമാശയുണ്ട്.
അതുപോലെയാണു ചില ശൈലികളും. ആളു വടിയായി എന്നു പറഞ്ഞാല്‍ മരിച്ചു എന്നാണു മനസ്സിലാക്കുക.ഇപ്പോള്‍ പുതിയ പ്രയോഗം വന്നിരിക്കുന്നു. ആളു ശശിയായി..(ഇളിഭ്യനായി) ..ശശിമാര്‍ ദേഷ്യപ്പെടേണ്ടാ..കേന്ദ്രം വീട്ടിലില്ലാ എന്നാല്‍ അച്ഛന്‍ വീട്ടിലില്ലായെന്നാണു പറഞ്ഞതു്. ശരിയായ അര്‍ത്ഥമറിയാതെ നെഗറ്റീവ് വികാരം സൂചിപ്പിക്കാന്‍ പ്രയോഗിക്കുന്നവയുമുണ്ടു് .
Connoisseurഎന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം അറിവുള്ളവന്‍ എന്നാണെങ്കില്‍ നമ്മള്‍ അതിനെ കൊണസര്‍ ആക്കി. അവന്‍ വലിയ കൊണസ്സറല്ലേ എന്നു ചോദിക്കുന്നവരില്‍ പലര്‍ക്കും ആ ഇംഗ്ലീഷ് വാക്കും അതിന്റെ പരിണാമവും അറിയാമോ ആവോ !(കുറച്ചുകൂടി കേമനാനെങ്കിൽ ഡെപ്യൂട്ടി കൊണസറും ആക്കാൻ നമ്മൾ മടിക്കാറില്ല )
അതുപോലെയാണു ബ്രിട്ടീഷ് സര്‍ക്കാരിലെ ഒരു ഐ.സി.എസ് ഉദ്യോഗസ്ഥനായിരുന്ന നാപ്പിന്റെ( Knapp) പേരിലുള്ള പ്രയോഗവും.അന്നത്തെ പോലീസുകാരുടെ പ്രശ്നങ്ങള്‍ പഠിച്ചു് അദ്ദേഹം ഒരു റിപ്പോര്‍ട്ടു് എഴുതി.എന്നാല്‍ അതില്‍ ശമ്പളപരിഷ്ക്കരണം നക്കാപ്പിച്ചയില്‍ ഒതുക്കി.അതില്‍ അസംതൃപ്തരായ പോലീസുകാര്‍ ഉച്ചാരണം അറിയാത്തതുകൊണ്ടോ അസംതൃപ്തികൊണ്ടോ അതിനെ ക്ണാപ്പ് പരിഷ്ക്കാരം എന്നു വിളിച്ചു.എഴുതിയ അയാളെ ക്ണാപ്പനെന്നും പരാമര്‍ശിച്ചു.ഇന്നു “ആ ക്ണാപ്പന്റെ കാര്യം പറയാതിരിക്കുകയാണു ഭേദം“ എന്നുപറഞ്ഞാല്‍ നമ്മള്‍ അര്‍ത്ഥമാക്കുന്നതെന്തെന്നു ചിന്തിച്ചു നോക്കുക. ഏതായാലും നാപ്പ് സായിപ്പു് എന്ന ICS കാരന്‍ ഇന്നില്ലാത്തതു ഭാഗ്യം!
*******************  
                                                                                                                                                                അർത്ഥം അറിയാതെ (ഏഴാം ഭാഗം)
                                                                                                                                                                                                                                                                                                                                  ‘ഉ’കാരം രണ്ടുതരത്തിലുണ്ടു് പൂര്‍ണ്ണമായി ഉച്ചരിക്കുന്ന വിവൃതോകാരവും (നിറയുകാരം, മുറ്റുകാരം) പകുതി ഉച്ചരിക്കുന്ന സംവൃതോകാരവും (അരയുകാരം, ഉകാരക്കുറുക്കം).
എടുത്തു, കൊടുത്തു എന്നിവയില്‍ എന്നതില്‍ വിവൃതമായും എടുത്തു്, കൊടുത്തു്, കല്ലു്, കുഞ്ഞു് എന്നിവയില്‍ സംവൃതവുമായി ഉ കാരം നില്‍ക്കുന്നു.
പണ്ടു് അടിയില്‍ കുനിപ്പും മുകളില്‍ ചന്ദ്രക്കല(മീത്തല്‍) യും ഇട്ടാണു സംവൃതോകാരത്തെ സൂചിപ്പിച്ചിരുന്നതു്.
ഇന്നു് കുനിപ്പു കളഞ്ഞു. അപ്പോള്‍ ഇന്നു്, എന്നു് എന്നവയൊക്കെ ഇന്ന്, എന്ന് എന്നൊക്കെയായി. ശുദ്ധവ്യഞ്ജനങ്ങളെയും ഇതുപോലെയാണു് എഴുതുന്നതെന്നോര്‍ക്കുക.
അതായതു ക്, ഖ് എന്നതെല്ലാം വ്യഞ്ജനമാണു്. സ്വരങ്ങള്‍ ചേര്‍ന്നു് അവ ക,ഖ തുടങ്ങിയ വ്യഞ്ജനാക്ഷരങ്ങളായി മാറുന്നു. സ്വപ്‌നം, അബ്‌ധി എന്നതിലെല്ലാം ചന്ദ്രക്കല ശുദ്ധവ്യഞ്ജനത്തെ സൂചിപ്പിക്കുന്നു.
എപ്പോഴാണു സംവൃതോകാരചിഹ്നമായ മീത്തല്‍ ഇടേണ്ടതു്?
ഈ വാചകങ്ങള്‍ ശ്രദ്ധിക്കുക :
നിങ്ങള്‍ക്കു് എത്ര കുട്ടികളുണ്ടൂ്? നിങ്ങള്‍ക്കു നാലു കുട്ടികളല്ലേ ഉള്ളതു്?കാളയ്ക്കു് എന്തു കൊടുത്തു? കാളയ്ക്കു പുല്ലു കൊടുത്തു..
സ്വരാക്ഷരത്തില്‍ തുടങ്ങുന്ന മറ്റൊരു വാക്കു് പുറകില്‍ വന്നാല്‍ ആദ്യവാക്കിലെ സംവൃതോകാരം മീത്തലുപയോഗിച്ചു കാണിക്കണം.(നിങ്ങള്‍ക്കു് എത്ര..,കാളയ്ക്കു് എന്തു..)
എന്നാല്‍ വ്യഞ്ജനാക്ഷരം വന്നാല്‍ സംവൃതോകാരം വിവൃതോകാരമാവും.(നിങ്ങള്‍ക്കു നാലു കുട്ടികള്‍..,കാളയ്ക്കു പുല്ലു..)
പക്ഷേ സംവൃതോകാരത്തിനു പിന്നില്‍ കോമ വന്നാലോ, വാചകത്തിലെ ചില ഭാഗത്തിനു ഊന്നല്‍ നല്‍കണമെങ്കിലോ സംവൃതോകാരം അതേപടി നില്ക്കും.
ഉദാ: പാലു്, തൈരു്, മോരു് ഇവ ആരോഗ്യത്തിനു നല്ലതാണു്.
ആ നില്ക്കുന്നയാളാണു് പ്രതി. അയാളാണു് കൊലപാതകം നടത്തിയതു്.

പുതിയ നിയമം അനുസരിച്ച് മുറ്റുവിനയ്ക്ക് തൊട്ടുമുമ്പ് ഉകാരാന്ത വിനയെച്ചം വന്നാൽ വിനയെച്ചത്തിനു മീത്തൽ വേണ്ടാ. ഉകാരം മാത്രം മതി. നടന്നുപോയി, ചെയ്തുകൊടുത്തു, പറഞ്ഞുകേട്ടു ഇത്യാദി. എന്നാൽ വിനയെച്ചത്തിനും മുറ്റുവിനയ്ക്കുമിടയിൽ മറ്റു പദങ്ങൾ ഉണ്ടെങ്കിൽ വിനയെച്ഛത്തിന് ഉകാരത്തിനു മേൽ മീത്തൽ കൊടുക്കണം. വീട്ടിൽച്ചെന്നു് ആഹാരം കഴിച്ചു, മുറ്റു വിനയുടെ ആദ്യ വർണ്ണം സ്വരമായിരിക്കയും ഉകാരത്തിൽ അവസാനിക്കുന്ന വിനയെച്ചം മുറ്റുവിനയുടെ തൊട്ടുമുന്നിൽ വരികയും ചെയ്‌താൽ സന്ധി ചെയ്തെഴുതണം. കിടന്നുറങ്ങി, പറഞ്ഞയച്ചു, കേട്ടെഴുതി, നടന്നടുത്തു എന്നിവ.

യോഗങ്ങളുടെ അവസാനം കൃതജ്ഞത രേഖപ്പെടുത്തുന്നു എന്നു പറയുന്നതു് തികച്ചും തെറ്റാണു്. അവിടെ ഒന്നും രേഖപ്പെടുത്തുന്നില്ലാത്തതിനാൽ പ്രകടിപ്പിക്കുന്നു, പറയുന്നു, അറിയിക്കുന്നു എന്നൊക്കെ പറയുന്നതാണു് ഭംഗി.
ഒരു കവിതയിലെ എല്ലാ വാക്കുകളും ഒരുമിച്ചെഴുതിയാല്‍ ചിലപ്പോള്‍ അര്‍ത്ഥവ്യത്യാസവും സംഭവിച്ചേക്കാം. അതും കുഴപ്പമാണു്. കവിത എഴുതുമ്പോള്‍ അകലം കൊടുക്കേണ്ടിടത്തു് അകലം കൊടുക്കണം.
ചിഹ്നങ്ങളിടേണ്ടിടത്തു (കോമ, വിക്ഷേപിണി, ഉദ്ധരണി തുടങ്ങിയവ) അവ ഇടണം.
ഉദാ: “ആനമല കയറിച്ചെന്നു“ എന്നു തുടങ്ങുന്ന കവിതയില്‍ ആന മല കയറിച്ചെന്നു എന്നായാല്‍ തീര്‍ന്നില്ലേ അര്‍ത്ഥമെല്ലാം ? അര്‍ത്ഥം അനര്‍ത്ഥമാവും.
കവിതയില്‍ മാത്രമല്ല, ഗദ്യം എഴുതുമ്പോഴും ഇതു ശ്രദ്ധിക്കണം.
ആ കാളരാത്രിയില്‍ കിണറ്റില്‍ വീണു- ആ കാള രാത്രിയില്‍ കിണറ്റില്‍ വീണു .അവൻ അവിടെ നിന്നുപോയി (ഇവിടെ ഒരാൾ അവിടെത്തന്നെ നിന്നു എന്നാണ്) - അവൻ അവിടെ നിന്നു പോയി. (ഇങ്ങനെ എഴുതിയാൽ അയാൾ അവിടെ ഇപ്പോൾ ഇല്ല എന്നാണ്)
എലി വിഷം കഴിച്ചു കോഴി ചത്തു. - ഇവിടെ വിഷം കഴിച്ചത് എലിയും ചത്തത് കോഴിയുമാണ്‌. എലിവിഷം കഴിച്ച്, കോഴി ചത്തു എന്നാണ് വേണ്ടത്.
മലവെള്ളത്തില്‍ ഒഴുകിപ്പോയി- വെള്ളത്തിന്റെ കുത്തൊഴുക്കിൽ എന്തൊക്കെയോ ഒഴുകിപ്പോയി എന്നാണു അർത്ഥം. മല വെള്ളത്തില്‍ ഒഴുകിപ്പോയി- ഇവടെ വെള്ളത്തിൽ മലതന്നെ ഒഴുകിപ്പോയി എന്നാണു അർത്ഥം വരിക.
(ആവശ്യമുള്ള ചിഹ്നനം ചെയ്യേണ്ടതും ശ്രദ്ധിക്കണം. അതു വാക്യഭംഗി കൂട്ടും; ആശയപ്രകടനം അര്‍ത്ഥപൂര്‍ണ്ണമാക്കും.).
*************************************  
                                                                                                                                                                                                                                                                                                                              അർത്ഥം അറിയാതെ (എട്ടാം ഭാഗം)
                                                                                                                                                                ചിഹ്നനം (Punctuation).
                                                                                                                                                                                                                                                                                                                                     ഗദ്യങ്ങളിലും പദ്യങ്ങളിലും പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആശയം വ്യക്തമാക്കാന്‍ ചിഹ്നം ഇടുന്ന രീതിയെ ചിഹ്നനം എന്നു പറയുന്നു. കവിതയില്‍ ചിഹ്നങ്ങളുടെ എണ്ണം കൂടുതലാവുന്നതു് ആശാസ്യമല്ല. നേരേ ലളിതമായി കാര്യം എഴുതുന്നവര്‍ക്കും ചിഹ്നങ്ങളുടെ എണ്ണം അധികം ആവശ്യം വരുന്നില്ല. 8തരം ചിഹ്നങ്ങളാണു് സാധാരണമായി ഉപയോഗിക്കാറുള്ളതു്.
1. പൂര്‍ണ്ണവിരാമം (.) Full stop.
ആശയം പൂര്‍ണ്ണമായാല്‍ പൂര്‍ണ്ണവിരാമം. ബിന്ദു എന്നും പറയാം. വാക്യാവസാനത്തിലും സങ്കുചിത രൂപങ്ങളിലും ചേര്‍ക്കുന്നു.രാമന്‍ രാജാവാണു്.സ്വന്തം ലേഖകന്‍ എന്നതു സ്വ.ലേ. എന്നെഴുതുന്നതു്.ബേബി കെ .പോള്‍.
2. അല്പവിരാമം (,) Comma.
നിറുത്തി വായിക്കേണ്ടിടത്തു് ഉപയോഗിക്കുന്നു. അങ്കുശം, രോധിനി എന്നുകൂടി പറയാറുണ്ടു്.ഇതിന്റെ അസ്ഥാനത്തുള്ള പ്രയോഗം ആശയക്കുഴപ്പം ഉണ്ടാക്കും. Hang him not,let him free എന്ന ഇംഗ്ലീഷ് വാക്യം പ്രസിദ്ധം. (അയാളെ കൊല്ലരുത്, വെറുതെ വിടണം) Hang him,not let him free (അയാളെ വെറുതെ വിടരുത്, കൊല്ലണം) എന്നു കോമ മാറ്റിയിട്ടെഴുതിയപ്പോള്‍ അര്‍ത്ഥം മാറി.
അങ്കുശം ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍.
(1)സമപ്രധാനങ്ങളായ പദങ്ങളെയും (2) ജോഡിയിലുള്ള പദങ്ങളെയും (3)ഉപവാക്യങ്ങളെയും വേര്‍തിരിക്കുന്നു.(4) നാമത്തിനുശേഷം വിശേഷണമോ വിവരണമോ ചേര്‍ക്കുമ്പോഴും(5)സംബോധനയ്ക്കുശേഷവും അല്പവിരാമമാണു ചേര്‍ക്കുന്നതു്.
(1)പട്ടി,പൂച്ച,ആടു് ഇവയെക്കാള്‍ വലുതാണു് ആന.(2)ഈശ്വരനു് ബ്രാഹ്മണന്‍, ചണ്ഡാലന്‍ ,കുബേരന്‍ കുചേലന്‍ , പണ്ഡിതന്‍, പാമരന്‍ എന്ന ഭേദവിചാരം ഇല്ല.(3) പരാജയഭീതിയില്ലാതെ നിരന്തരം പ്രയത്നിക്കുക,തേടുക,നേടീടുക.(4)വള്ളത്തോള്‍, മഹാനായ കവി, ബധിരനായിരുന്നു.(5)സുഹൃത്തേ,മഹതികളേ, മഹാന്മാരേ, മുരളീ, ഗിരീഷേ,
3. അര്‍ദ്ധവിരാമം.Semicolon.( ; )
a)യൌഗികവാക്യങ്ങളിലെ(Compound Sentence) അംഗിവാക്യങ്ങളേയും(Principal Clause)b)ശിഥിലബന്ധമുള്ള അംഗവാക്യങ്ങളേയും (Subordinate Clause) വേര്‍തിരിക്കുവാന്‍ ഉപയോഗിക്കുന്നു..
(1) അവകാശപ്പെട്ട അയോദ്ധ്യ രാമന്‍ ഉപേക്ഷിച്ചു;ഭരതന്‍ രാജാവായി.(2) മഴപെയ്തു;പക്ഷേ, ഉഷ്ണം ശമിച്ചില്ല.(3)നാളെ വെറുക്കുന്നതിനെ ഇന്നു നാം സ്നേഹിക്കുന്നു; നാളെ വേണ്ടെന്നു വയ്ക്കുന്നതിനെ ഇന്നു നാം അന്വേഷിക്കുന്നു; നാളെ ഭയപ്പെടുന്നതിനെ ഇന്നു നാം ആഗ്രഹിക്കുന്നു.
4. ഭിത്തിക (:) (Colon)
പ്രാധാന്യം തുല്യമായ രണ്ടു ആശയങ്ങളെ വിശദീകരിക്കുവാനും ഉദ്ധരിണികള്‍ക്കു മുമ്പും ഉപയോഗിക്കുന്നു.(1) നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം : വിശപ്പും പോകും, മീശയും മിനുങ്ങും.(2) ക്രിയയ്ക്കു മൂന്നു കാലങ്ങളുണ്ടു്:ഭൂതം,വര്‍ത്തമാനം,ഭാവി.(3) ഇതോര്‍ക്കുക: “കാക്കയ്ക്കും തന്‍‌കുഞ്ഞു പൊന്‍‌കുഞ്ഞു്”.
5. ഉദ്ധരിണി.( “ “ ) (‘ ‘).(Quotation)
പ്രസിദ്ധ വാക്യങ്ങള്‍, മറ്റൊരാളുടെ സംഭാഷണം എന്നിവ അതേ പടി പകര്‍ത്താന്‍ ഇരട്ട ഉദ്ധരിണിയും പുതിയ പദങ്ങള്‍, ഗ്രന്ഥനാമങ്ങള്‍, നിന്ദാസൂചകമായി വിപരീതാര്‍ത്ഥം ജനിപ്പിക്കാന്‍ എന്നിവയ്ക്കു ഒറ്റ ഉദ്ധരിണിയും ഉപയോഗിക്കുന്നു.
(1) ”സത്യമേവ ജയതേ” എന്ന പ്രസിദ്ധ വാക്യം പ്രസക്തം തന്നെ.(2) രാജന്‍ പറഞ്ഞു : ” ഞാന്‍ നിന്നെ സ്നേഹിക്കുന്നു”.(3) ഒരേ അര്‍ത്ഥം വരുന്ന വാക്കുകള്‍ ആവര്‍ത്തിക്കുന്നതിനെ ‘പൌനരുക്ത്യം’ എന്നു പറയുന്നു. (ഇതിനെ കരകങ്കണ ന്യായം എന്നും വിവക്ഷിക്കുന്നുണ്ട്. കങ്കണം എന്നതിന് തന്നെ കൈവള എന്നർത്ഥം ഉണ്ടായിരിക്കേ, ഇങ്ങനെ പ്രയോഗിക്കുമ്പോൾ, കൈയിന്മേൽ അണിഞ്ഞിരിക്കുന്ന കൈവള എന്ന് വരും. ന്യായങ്ങൾ കുറെ ഉണ്ട്. അത് വിശദമായി വേറെ എഴുതാം)(4)കുമാരനാശാന്റെ രചനയായ ’കരുണ’ പ്രസിദ്ധമാണു്.(5)ചില മന്ത്രിമാര്‍ ‘സേവനം’ വഴി കോടികള്‍ സമ്പാദിച്ചിട്ടുണ്ടു്.
6. വിക്ഷേപിണി.( ! ) Exclamation mark.
വിസ്മയം, സന്തോഷം, സങ്കടം, ഭയം മുതലായ വികാരങ്ങള്‍ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.വ്യാക്ഷേപകങ്ങളായ ‘ഹാ’, ’അയ്യോ’ തുടങ്ങിയ പദങ്ങള്‍ക്കുശേഷം ഇതു് ഇടണം.ഹാ! കഷ്ടം! അവനു് ഈ ഗതി വന്നല്ലോ!.ഇവളാണോ കണ്വപുത്രിയായ ശകുന്തള !
7. ശൃംഖല (- ) Hyphen.
ഘടകപദങ്ങള്‍ സന്ധി മൂലം ചേരാതെ നില്ക്കുന്നിടത്തു് ഉപയോഗിക്കണം.മാതൃ-ശിശു സംരക്ഷണകേന്ദ്രം.സോഫാ-കം-ബെഡ്.ഗര്‍ഭിതവാക്യങ്ങള്‍ എഴുതുമ്പോള്‍ കോമയ്ക്കു പകരം ശൃംഖല ഉപയോഗിക്കാം.തൌര്യത്രികത്തിന്റെ - ഗീത, നൃത്ത, വാദ്യങ്ങളുടെ - സഹായത്തോടെയുള്ള അഭിനയ രീതിയാണു് ‘നാട്യധര്‍മ്മി’.
ഒരു പദം ഇടയ്ക്കുവച്ചു മുറിക്കേണ്ടി വരുമ്പോള്‍ ഈ ചിഹ്നം ചേര്‍ക്കും. വൃത്തനിബദ്ധമായ പദ്യങ്ങളിൽ മിക്കപ്പോഴും പദങ്ങൾ മുറിക്കേണ്ടി വരാറുണ്ട്. അങ്ങനെ വരുന്ന ചില പദങ്ങൾ ഒരു വരിയില്‍ നില്ക്കാതെ അടുത്തവരിയിലേക്കു നീളുമ്പോള്‍ ശൃംഖല ഉപയോഗിക്കണം.“ലക്ഷ്മണാ, സഹോദരാ,നിന്നെ ഞാനുപേക്ഷിക്കി-ല്ലത്രമേല്‍ പ്രിയനാണു നീയെനിക്കറിക നീ“.
കവിത ചൊല്ലുമ്പോള്‍ കൂടുതല്‍ മാത്ര ഉപയോഗിക്കേണ്ട ഇടം ഇത് കൊണ്ട് സൂചിപ്പിക്കാം.ഓമനത്തിങ്കള്‍ക്കിടാവോ-നല്ല കോമളത്താമരപ്പൂവോ?
8. കാകു ( ? ) Question mark.
ചോദ്യരൂപത്തിലുള്ള വാക്യങ്ങളുടെ അവസാനം ഇടുന്നു.ആരാ വന്നതു് ?ഈ എഴുതിയതെല്ലാം മനസ്സിലായോ?
മറ്റു ഭാഷകളിൽ പ്രത്യേകിച്ച് ഹിന്ദിയിൽ ചോദ്യം ചോദിക്കുന്നത് പ്രസ്താവന ചോദ്യ രൂപത്തിൽ ആക്കിയിട്ടാണ്. ഇത് വാമൊഴിയിൽ ആണ് സാധാരണ കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ ടിവിയിലും മറ്റും ഇങ്ങനെ നിരന്തരം കാണുന്നതിനാൽ മലയാളത്തിലും ആ പ്രവണത കണ്ടു വരുന്നുണ്ട്. നീ വരുന്നില്ലാ ??? നീ പോകുന്നില്ലാ ?? അവൻ ഇരിക്കുന്നില്ലാ?? മനസ്സിലായീ ?? എന്നൊക്കെയാണിപ്പോഴത്തെ ചോദ്യങ്ങൾ. ഇതൊക്കെ വരുന്നില്ലേ? പോകുന്നില്ലേ? ഇരിക്കുന്നില്ലേ ? മനസ്സിലായോ? എന്നൊക്കെയാണ് നമ്മുടെ ഭാഷയിൽ ചോദിക്കേണ്ടത്‌. ചെലവു ചുരുക്കലിന്റെ ഭാഗമായി, ഒരേ പരസ്യം പല ഭാഷകളിൽ കാണിക്കേണ്ടി വരുന്ന സമയം, അഭിനേതാക്കളുടെ ചുണ്ടിന്റെ ചലനം പരമാവധി ഒപ്പിക്കാനാണ് ആദ്യമൊക്കെ ഇങ്ങനെ ചെയ്തിരുന്നത്. ഇപ്പോൾ അത് നാട്ടുനടപ്പായി. അങ്ങനെയല്ല എന്ന് പറഞ്ഞാൽ പറയുന്നവന് തലയ്ക്കു എന്തോ നല്ല സുഖമില്ല എന്നൊരു തോന്നലാണ് ഇന്നത്തെ തലമുറയ്ക്ക്.
സ്ഥാനം തെറ്റിക്കിടക്കുന്ന വിശേഷണപദങ്ങള്‍ പ്രശ്നം ഉണ്ടാക്കും.
പട്ടാളക്കാരനായ രാമന്റെ മകന്‍ എന്നെഴുതിയാല്‍ രാമനാണു പട്ടാളക്കാരന്‍ . രാമന്റെ കഴിഞ്ഞു കോമ വേണ്ടാ.എന്നാല്‍ പട്ടാളക്കാരനായ, രാമന്റെ മകന്‍ എന്നു കോമകൊണ്ടു സൂചിപ്പിച്ചെഴുതിയാല്‍ മകനാണു പട്ടാളക്കാരന്‍.ഇതിനു പരിഹാരം ഒന്നുകില്‍ പട്ടാളക്കാരനായ രാമന്റെ... എന്നോ രാമന്റെ പട്ടാളക്കാരനായ..എന്ന വിധത്തിലോ സംശയരഹിതമായി പ്രകടിപ്പിക്കാന്‍ കഴിയുമല്ലോ..അങ്ങനെ എഴുതുകയോ പറയുകയോ ചെയ്യാമല്ലോ.പക്ഷേ അവിടെയും ശ്രദ്ധിക്കണം. കുഴിയിലേക്കു വീണ രാമന്റെ ലോറി (കുഴിയില്‍ വീണതു് രാമനോ ലോറിയോ) എന്നതു് രാമന്റെ കുഴിയിലേക്കു വീണ എന്നു പറഞ്ഞാല്‍ രാമന്റെ കുഴിയാണോ ലോറിയാണോ എന്നൊക്കെ പിന്നെയും ചോദിക്കാം. അവിടെയൊക്കെ വരമൊഴിയില്‍ കോമ സഹായത്തിനെത്തും. വാമൊഴിയില്‍ ശബ്ദത്തിലെ ഊന്നലും സഹായിക്കും......................                                                                                                                                                                                                                                            **************                                                                                            
അർത്ഥം അറിയാതെ (മലയാള വ്യാകരണം - ഒമ്പതാം ഭാഗം)
                                                                                                                                                                                                                                                                                                                     ‘അക്രമണം’ ‘ആക്രമണം’ പലരുടേയും വിചാരം രണ്ടും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കാവുന്ന വാക്കുകളാണെന്നാണു്.അവന്റെ അക്രമണം സഹിക്കാന്‍ പറ്റിയില്ല.അവന്റെ ആക്രമണംസഹിച്ചു പിന്നീടും അവര്‍ അവിടെത്തന്നെ കഴിഞ്ഞു.ഇവിടെയെല്ലാം ആ വാക്കുകള്‍ കടന്നുകയറ്റം, കൈയേറ്റം എന്ന അര്‍ത്ഥത്തിലാണു രണ്ടു വാക്കുകളും എല്ലാവരും ഉപയോഗിക്കുന്നതു്.എന്നാല്‍ അക്രമണത്തിനു ഈ അര്‍ത്ഥങ്ങള്‍ ഇല്ല.അക്രമണം എന്നാല്‍ സഞ്ചരിക്കാതിരിക്കല്‍ ആണു്.അക്രമം എന്നാല്‍ ക്രമം തെറ്റിയതെന്നും.അതു നീതിയുടെതും മര്യാദയുടേയും ക്രമം തെറ്റലുമാകാം.മോശം ഭക്ഷണത്തിനു ഉയര്‍ന്നവില വാങ്ങിയതു് വലിയ അക്രമം തന്നെ. (ആക്രമമോ ആക്രമണമോ അല്ല).അക്രമം കാട്ടിയ ഹോട്ടലുടമയെ ആളുകള്‍ ആക്രമിച്ചു. (അക്രമിക്കാന്‍ പറ്റില്ല.)നാട്ടുകാരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചു് അയാള്‍ ഹോട്ടലടച്ചിട്ടു.
അധികരിക്കുക എന്നാല്‍ അധികമാകുക, കൂടുക എന്നൊക്കെയാണ് അർത്ഥം എന്ന് പലരും ധരിച്ചിരിക്കുന്നന്തു്.‘പനി അധികരിച്ചപ്പോള്‍ ഡോക്ടറെ കാണിച്ചു‘എന്നു പറയാറില്ലേ?അതു തെറ്റായ പ്രയോഗമാണു്.അധികരിക്കുക എന്നാല്‍ അടിസ്ഥാനമാക്കുക എന്നാണര്‍ത്ഥം.സ്നേഹത്തെ അധികരിച്ചു് ആ മാസികയില്‍ ഒരു ലേഖനം വന്നിട്ടുണ്ടു്.രാഷ്ട്രീയത്തിലെ മൂല്യച്യുതിയെ അധികരിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഗംഭീരമായി.
സംസ്കൃതത്തിന്റെ സംസ്ക്കാരം!
സംസ്കൃതം മനസ്സിരുത്തി പഠിക്കയും ചിന്തിക്കുകയും ചെയ്താല്‍ ‘സംസ്കൃത‘ചിത്തരാവാന്‍ സഹായിക്കും.അതിലെ വാക്കുകളും വാചകങ്ങളും പ്രയോഗിക്കുമ്പോള്‍ ചില നിയമങ്ങളും ചിട്ടയുമൊക്കെയുണ്ട്.മാതാപിതാക്കള്‍ എന്നു പറയണമെന്നു ആ നിയമം നമ്മോടു പറയുന്നു.എന്തുകൊണ്ടു്?..
തുല്യപദപ്രാധാന്യമുള്ള ദ്വന്ദസമാസത്തിനു ഉദാഹരണമാണു് ഈ വാക്കു്.മാതാവു് പൂര്‍വ്വപദം, പിതാവു് ഉത്തരപദം.ഇങ്ങനെയുള്ള പദങ്ങള്‍ യോജിപ്പിക്കുമ്പോള്‍ കൂടുതല്‍ ബഹുമാനിക്കേണ്ടുന്ന പദം പൂര്‍വ്വപദമാവും.അതുകൊണ്ടു് മാതാപിതാക്കള്‍, വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികള്‍, സ്ത്രീപുരുഷന്മാര്‍, സീതാരാമന്മാര്‍, ഉമാമഹേശ്വരന്മാര്‍നോക്കൂ, സ്ത്രീകള്‍ ഭാരതീയസംസ്ക്കാരമനുസരിച്ചു പുരുഷന്മാരേക്കാള്‍ ബഹുമാന്യരാണു്.(സ്ത്രീകള്‍ക്കെല്ലാം ഇതു തൃപ്തിയായിക്കാണുമല്ലോ അല്ലേ!).
പക്ഷേ മലയാളി മലയാളത്തില്‍ ഇങ്ങനെ പറയും, എഴുതും.അച്ഛനമ്മമാര്‍, ആങ്ങളപെങ്ങന്മാര്. (പെണ്ണുങ്ങളുടെ സന്തോഷം പോയോ..?)മൂത്തവരേയും ബഹുമാനിക്കണം... ബലരാമകൃഷ്ണന്മാര്‍., രാമലക്ഷ്മണന്മാര്‍, ഭരതശത്രുഘ്നന്മാര്‍.
സമാസിക്കുന്ന പദങ്ങളില്‍’ഇ’ കാരത്തിലോ ‘ഉ’ കാരത്തിലോ വരുന്ന പദങ്ങളുണ്ടെങ്കില്‍ അതു പൂര്‍വ്വപദമായി വരും.ഹരിഹരന്മാര്‍,വിഷ്ണുശങ്കരന്മാർ.അക്ഷരം കുറവുള്ളപദം ആദ്യം വരുംകരചരണങ്ങള്‍,ഗജതുരഗങ്ങള്‍.സ്വരാക്ഷരം കൊണ്ടു തുടങ്ങുന്ന പദം പൂര്‍വ്വപദമാവും.അശ്വഗജങ്ങള്‍, അഗ്നിവരുണന്മാര്‍.ഹ്രസ്വാക്ഷരപദം ആദ്യം വരും.സുഖദുഃഖങ്ങള്‍, ധനധാന്യങ്ങള്‍.
“ഈ പ്രശ്നത്തില്‍ കടന്നുവരുന്ന എല്ലാ വൈതരണികളും പൊട്ടിച്ചെറിഞ്ഞു നമ്മള്‍ വിജയം കണ്ടെത്തും”ചിലര്‍ ആവേശം മൂത്തു് ഇങ്ങനെ പ്രസംഗിക്കുന്നതു കേട്ടിട്ടില്ലേ?എന്താ ഈ വൈതരണി? വല്ല ചില്ലുകൊണ്ടുണ്ടാക്കിയ സാധനമാണോ? അതോ കയറുപോലെ ഉള്ളവല്ലതുമാണോ? പൊട്ടിച്ചെറിയണമെങ്കില്‍ ആ ഇനത്തില്‍ വരുന്ന വല്ല സാധനവുമാകേണ്ടേ? പ്രഭാഷകനോടു ചോദിച്ചാല്‍ “ആ ആര്‍ക്കറിയാം?”ആ അതൊന്നുമറിയില്ല” “ഓ അതോ, അതു തടസ്സത്തിനെ ആലങ്കാരികമായി ഞാന്‍ പറഞ്ഞതാണു്”എന്നൊക്കെയാവും ഉത്തരങ്ങള്‍.എന്നാല്‍ അറിയുക, നരകത്തിലെ നദിയാണു് ‘വൈതരണി‘.തരണം ചെയ്യാന്‍ പ്രയാസമുള്ളതുകൊണ്ടാണു അതിനു ആ പേരു കിട്ടിയതു്.അപ്പോള്‍ വൈതരണിയെ മറികടക്കാനേ സാധിക്കൂ.പൊട്ടിച്ചെറിയാന്‍ സാധിക്കില്ല.(അതാര്‍ക്കറിയണം!! പ്രഭാഷണം ‘അടിപൊളി’യായില്ലേ!).
ഇനി അര്‍ത്ഥമറിയാമെങ്കിലും അങ്ങനെയങ്ങു കിടക്കട്ടെ. പറച്ചിലിനു ഒരു ഘോഷമൊക്കെ വേണ്ടേ? അങ്ങനെ പ്രയോഗിക്കുന്ന വാക്കുകളാണ് ’ഘോഷം' 'ആഘോഷം’ എന്നിവ. കേട്ടിട്ടില്ലേ ‘ചരമദിനാഘോഷം', ' മൃതശരീരം വഹിച്ചുള്ള ഘോഷയാത്ര’.ഇതുകേട്ടാല്‍ ചത്തവന്‍ എഴുന്നേറ്റുവന്നു് അടി കൊടുത്തേനേ!“എന്റെ മരണം ആഘോഷിക്കാന്‍ ഞാനെന്നാടാ അത്ര ദ്രോഹിയാരുന്നോ?” എന്നും ചോദിക്കുമായിരുന്നു.ശരിയല്ലേ?
ദ്രുപദന്റെ മകള്‍ ‘ദ്രൌപദി’യാണു്. ദ്രൌപതിയല്ല. (പതി എന്നാൽ ഭർത്താവ്) ‘മുഖതാവില്‍‘ പറഞ്ഞാല്‍ മതി. മുഖദാവില്‍ അല്ല.
ആസ്വാദ്യകരം(ആസ്വാദ്യം), സ്വീകാര്യയോഗ്യം(സ്വീകാര്യം) എന്നൊക്കെ പ്രയോഗിക്കുന്നവയില്‍ ബ്രാക്കറ്റിലുള്ളവയാണു ശരിയായ പദപ്രയോഗങ്ങള്‍.“ഭാഷയുടെ കാര്യത്തില്‍ അത്രയ്ക്കങ്ങു കാര്യങ്ങള്‍ നോക്കേണ്ടതുണ്ടോ? ആശയവിനിമയം സാദ്ധ്യമായാല്‍പ്പോരേ?” മതിയോ?പറയേണ്ട കാര്യങ്ങള്‍ അതിന്റെ ഭംഗിയില്‍ പറയുന്നതല്ലേ ഒരു ചന്തം. ‘അരി പൊടിച്ചുകൊടുക്കപ്പെടും’ എന്നു ഇംഗ്ലീഷിനെ അനുകരിച്ചു എഴുതിവയ്ക്കേണ്ടതുണ്ടോ? ‘അരി പൊടിച്ചുകൊടുക്കും‘ ‘രക്തം പരിശോധിച്ചു കൊടുക്കും’‘ടൈപ്പു ചെയ്തുകൊടുക്കും’ എന്നോ ഇവിടെ അരി പൊടിക്കും, രക്തം പരിശോധിക്കും, കാര്‍ഡുകള്‍ ലഭിക്കും എന്നൊക്കെ എഴുതുന്നതല്ലേ ഈ ‘പ്പെടു’ന്നതിനേക്കാള്‍ കൂടുതല്‍ ഭംഗി ?
അതുപോലെ അര്‍ത്ഥം ഒന്നായി വരുമെങ്കിലും അസ്ഥാനത്തു പ്രയോഗിച്ചാല്‍ അതു പരിഹസിക്കുന്നതുപോലെതോന്നുന്ന വാക്കുകളുമില്ലേ?ഉദാഹരണത്തിനു മരിക്കുക എന്നര്‍ത്ഥം വരുന്ന എത്രയോ വാക്കുകളുണ്ടു് . മരിച്ചു, നാടുനീങ്ങി, തീപ്പെട്ടു, ചത്തു, അന്തരിച്ചു അങ്ങനെ അങ്ങനെ.അതുകൊണ്ടു ഏതെങ്കിലും ഒരു വാക്കെടുത്തു ആശയം പകരാമെന്നു വിചാരിച്ചു് “ഏബീസി ഇല്ലത്തെ തുപ്രന്‍ നമ്പൂതിരി മയ്യത്തായി” എന്നു പറയാറുണ്ടോ? ആന അന്തരിച്ചു, വേലക്കാരന്‍ നാടു നീങ്ങി, തഹസീല്‍ദാര്‍ വടിയായി, പട്ടി നിര്യാതനായി എന്നൊക്കെ പറഞ്ഞാലോ!അതാണു് ആശയം വെറുതേ പകരലല്ല, വഴക്കമനുസരിച്ചുള്ള യുക്തമായ വാക്കുകള്‍കൊണ്ടു ആശയപ്രകാശനം നടത്തുമ്പോഴാണു ഭാഷ അര്‍ത്ഥപൂര്‍ണ്ണമാവുന്നതു് ,ഭംഗിയാവുന്നതു്..
അന്യരോടുള്ള ബഹുമാനം നല്ല സ്വഭാവമാണു്. പക്ഷേ ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വത്തേ ആവണം എന്നതല്ലേ ശരി ?എന്നാല്‍ നമുക്കിന്നു അഴിമതിക്കാരനേയും കള്ളനേയും അക്രമിയേയും അങ്ങനെയുള്ള ഭരണാധികാരിയേയും ഒക്കെ അറിഞ്ഞുകൊണ്ടുതന്നെ ബഹുമാനിക്കുന്നതായി ഭാവിക്കേണ്ടതായെങ്കിലും വരുന്നു. അതിനാരും കുറ്റം പറയില്ല. കാരണം ആര്‍ക്കും ഈ നിസ്സഹായത നന്നായറിയാം.എന്നാല്‍ ഭാഷയില്‍ ബഹുവചനം ഉപയോഗിക്കുമ്പോള്‍ അതു വേണ്ടിടത്താണോ പ്രയോഗിക്കുന്നതു് എന്നു ശ്രദ്ധിക്കണം. അല്ലെങ്കില്‍ അഭംഗിയാവും.
‘കള്‍’ ‘മാര്‍’ തുടങ്ങിയ ബഹുവചനപ്രത്യയങ്ങള്‍ അനാവശ്യമായി ഉപയോഗിച്ചിട്ടുള്ള വാചകങ്ങള്‍ നമ്മള്‍ എന്നും വായിക്കുന്നു. പലരും അതു ശരിതന്നെയെന്നു ധരിച്ചുവയ്ക്കുകയും ചെയ്യുന്നു. ഉദാഹരണത്തിനു ഏതു വിദേശികള്‍ക്കും ഭാരതത്തെ അറിയാം എന്നു പറയേണ്ടതുണ്ടോ? ഇല്ല ‘ഏതു വിദേശിക്കും... ‘എന്നു പറഞ്ഞാല്‍ മതി. ’യാതൊരാളുകള്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നില്ല. അതെന്തിനാ ‘യാതൊരാളിനും... എന്നു പോരേ ? മതി. പക്ഷേ എല്ലാവര്‍ക്കും എന്നു തോന്നാന്‍ അങ്ങനെ പറഞ്ഞെന്നേയുള്ളൂ.എന്നാല്‍ സുഹൃത്തേ അതു ഭാഷയ്ക്കു ഭംഗി നല്‍കില്ല. .തെറ്റുമാണു്.അവിടെയൊക്കെ ഏകവചനപ്രയോഗം മതിയെന്നതാണു സത്യം.
‘ഈ സ്ഥാപനത്തിനു വേറൊരിടത്തും ശാഖകളില്ല’ എന്നു പറയുമ്പോഴുംഇല്ലാത്ത ഒന്നിനു ബഹുവചനം കൊടുക്കുകയാണു്..‘.........ശാഖയില്ല ‘എന്നു പറയുകയാണു് (എഴുതുകയാണു്) ശരി.ഓരോരുത്തരും സ്വന്തം ഇഷ്ടം അനുസരിച്ചു ( ഓരോരുത്തനും)ഏതൊരു ഉദ്യോഗാര്‍ത്ഥികള്‍ക്കും(ഉദ്യോഗാര്‍ത്ഥിക്കും)
കുറേ,ഏറെ,പല,അനേകം തുടങ്ങിയ ബഹുത്വസൂചകങ്ങളായ പദങ്ങള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.കുറേ ദിവസങ്ങള്‍(കുറേ ദിവസം)ഏറെക്കാലങ്ങള്‍ക്കു ശേഷം (ഏറെക്കാലത്തിനു ശേഷം)പല വിഭാഗങ്ങളില്‍ (പല വിഭാഗത്തില്‍)അനേക വര്‍ഷങ്ങള്‍ (അനേക വര്‍ഷം)(ബ്രാക്കറ്റില്‍ ശരിയായ പ്രയോഗം നല്‍കിയിരിക്കുന്നു)
തിരുവനന്തപുരത്തുകാര്‍ ‘ചായകള്‍ കഴിച്ചോ‘ ‘വെള്ളങ്ങളൊന്നും കുടിച്ചില്ലേ’ എന്നൊക്കെ ചോദിക്കുന്നതു ശരിയായ പ്രയോഗമാണെന്നു ധരിക്കല്ലേ.. ഒരു നാടന്‍പ്രയോഗമാണെന്നു വച്ചാല്‍ മതി.അതു് അനുകരിക്കേണ്ടാ..
വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ :
ഭാഷയില്‍ ഒരു വാക്കിനു് എത്ര അര്‍ത്ഥമുണ്ടു് ? അതു അനുവാചകനോടു സംവദിക്കുന്നതു് ഏതു വിധത്തിലാണു് ?അതു പകരുന്ന ആശയങ്ങള്‍ എത്രയാണു്.? ഇതൊക്കെ ചിന്തിച്ചാല്‍ എന്തായിരിക്കും ഉത്തരം? ഒറ്റ ഉത്തരമേയുള്ളൂ .അതു സാഹചര്യമനുസരിച്ചു് , പറയുന്നതിലെ ഊന്നല്‍ അനുസരിച്ചു് അനുവാചകനോടു സംവദിക്കുന്നു; അതിനനുസരിച്ചുള്ള ആശയം അനുവാചകന്‍ സ്വീകരിക്കുന്നു.ഞാന്‍ ഇതില്‍ ആദ്യം എഴുതിയ വാചകംതന്നെ ഒന്നു ശ്രദ്ധിക്കൂ. അതൊരു ചോദ്യമായി അവതരിപ്പിച്ചിരിക്കുന്നു.
ഇനി ആ വാചകം തന്നെ ‘എത്ര‘ എന്ന പദത്തിനു് ഊന്നല്‍ നല്‍കി ഒന്നു വായിച്ചു നോക്കൂ.ഭാഷയില്‍ ഒരു വാക്കിനു് എത്ര അര്‍ത്ഥമുണ്ടു് !ചോദ്യചിഹ്നം മാറി ആശ്ചര്യചിഹ്നം കൊടുക്കേണ്ടിവരുന്നു.ആശയതലവും മാറി. ഇതുപോലെ ചില പ്രയോഗങ്ങളില്‍ വരുമ്പോള്‍ ഒരു വാക്കു തന്നെ പല അര്‍ത്ഥം ദ്യോതിപ്പിക്കുന്നുവെന്നു കാണുന്നതു രസകരമല്ലേ!പോയി എന്ന വാക്കിനു ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കു യാത്രതിരിച്ചു, അവിടെയെത്തി എന്നൊക്കെയാണു് സാധാരണ അര്‍ത്ഥമാക്കുന്നതെങ്കില്‍ആ വാക്കുതന്നെ ആശയം മാറ്റി ഇങ്ങനെയും ഉപയോഗിക്കാം.രണ്ടുകൊല്ലം മുമ്പു് അച്ഛന്‍ പോയി(മരിച്ചു)വേദന പോയി(ഇല്ലാതായി)ഒരു വര്‍ഷം പോയി(കഴിഞ്ഞു)എന്റെ പേന പോയി,പാമ്പിന്റെ തലപോയി, കറന്റു പോയി ഇവയും അങ്ങനെയുള്ള പ്രയോഗങ്ങളില്‍ വരും.
‘പോയി’തന്നെ അനുപ്രയോഗമായി ഉപയോഗിച്ചാല്‍ അര്‍ത്ഥം എത്രതരത്തിലാണു വ്യതിചലിക്കുന്നതു്.‘അവന്‍ അവിടെ നിന്നുപോയി‘ എന്നുപറഞ്ഞാല്‍ അവന്‍ എവിടെയും പോയില്ല എന്നല്ലേ അര്‍ത്ഥം വരുന്നതു്.എന്നാല്‍ ‘നിന്നു’വിനും ‘പോയി’ക്കുമിടയില്‍ അകലം ഇട്ടാല്‍ അതായതു് ആ വാക്കു് അനുപ്രയോഗമല്ലെങ്കില്‍ ആ വാക്കിനു സാധാരണമായ അര്‍ത്ഥത്തില്‍തന്നെ നിലനില്‍ക്കാം.‘അവന്‍ അവിടെ നിന്നു പോയി’.
ഇതുപോലെ വിവിധ വികാരം സൂചിപ്പിക്കാന്‍ പോയി ആ വാക്കു് അനുപ്രയോഗമാക്കി എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നു നോക്കൂ.അവന്‍ എത്തിപ്പോയി.(ആശ്ചര്യം,സന്തോഷം)അങ്ങനെ പറഞ്ഞുപോയി( വേണ്ടായിരുന്നു) പിടികിട്ടിപ്പോയി(പ്രതീക്ഷിച്ചില്ല ,സംഭവിച്ചു)വിറച്ചുപോയി(നിസ്സഹായത) കുഞ്ഞുങ്ങള്‍ തളർന്നുപോയി( സഹാനുഭൂതി) ഈ പോക്കു പോയാല്‍ (തുടര്‍ന്നാല്‍, നിറുത്തിയാല്‍) വായന രസകരമാവുമോ,മുഷിവാകുമോ?ഏതായാലും തത്കാലം നിര്‍ത്തട്ടേ..
ഭാഷാപ്രയോഗത്തിലെ യുക്തിയും ഔചിത്യവും.ഭാഷ ഉപയോഗിക്കുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥവും പ്രയോഗരീതികളും അറിഞ്ഞിരിക്കുന്നതുപോലേ അവശ്യമായ കാര്യമാണു് പ്രയോഗത്തിലെ ഔചിത്യവും.ലേഖനങ്ങളെഴുതുന്നതുപോലെയല്ല കവിതയെഴുതുന്നതു്. കവിതയുടെ തലമല്ല ശ്ലോകത്തിനുള്ളതു്. കഥയുടെയും നാടകത്തിന്റെയും തലങ്ങളും വ്യത്യസ്തമാണു്. കഥ വായിക്കുമ്പോള്‍ ഒരു നാടകത്തിലെന്നതു പോലെ അതില്‍ വിവരിക്കുന്ന സംഭവങ്ങള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞു വരും.നാടകം കാണുമ്പോള്‍ അതിലെ കഥയോടൊപ്പം നമ്മുടെ മനസ്സു സഞ്ചരിച്ചുകൊണ്ടിരിക്കും.അവസാനംപ്രമേയം പൂര്‍ണ്ണമായിവരുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുന്നതു് ഏതുതരം രചനയാണോ നടത്തുന്നതു് അതിനനുസരിച്ചു് യുക്തമായ വാക്കുകളും പ്രയോഗങ്ങളും അതില്‍ ഉപയോഗിക്കുന്നതുകൊണ്ടാണു്. ആ കൃതഹസ്തത രചനയുടെ മാറ്റു കൂട്ടും.
ഒരു മുസ്ലീം കുടുംബത്തിന്റെ കഥപറയുന്ന നാടകത്തില്‍ “ നോം ഇത്രയ്ക്കങ്ങ്ട് നിരീച്ചില്ലാ” എന്നു മുസ്ലീംകഥാപാത്രം പറഞ്ഞാല്‍ എങ്ങനെയിരിക്കും.അതുപോലെ നമ്പൂതിരി “ന്നാ ജ്ജ് കീഞ്ഞോളീ”എന്നു പറഞ്ഞാലോ.പ്രേമഭരിതനായി കാമുകന്‍ കാമുകിയോടു് ”നിന്റെ കൃഷ്ണജളൂകങ്ങളെപ്പോലെയുള്ള പുരികക്കൊടികള്‍ എന്നെ മോഹാവേശനാക്കുന്നു” എന്നൊക്കെ ഇക്കാലത്തു് എഴുതിയാല്‍ അര്‍ത്ഥത്തിലും പ്രയോഗത്തിലും ഔചിത്യത്തിലും പരിഹാസം അല്ലേ ഉണ്ടാവുക?.അതാണു രചനയില്‍ യുക്തിക്കും ഔചിത്യത്തിനും വലിയ സ്ഥാനമുണ്ടു് എന്ന് പറയുന്നത്.ഇതു മനസ്സിലാക്കാന്‍ പ്രഗത്ഭരായവരുടെ രചനകള്‍ മനസ്സിരുത്തി വായിക്കുകയാണു സുകരമായ മാര്‍ഗ്ഗം.തകഴിയുടെയും ബഷീറിന്റെയുമൊക്കെ കൃതികളുടെ വായന നാടന്‍ ഭാഷാപ്രയോഗങ്ങളുടെ യുക്തിയും ഔചിത്യവും വെളിവാക്കിത്തരും.
ഇത്രയുംനാള്‍ ഞാന്‍ എഴുതിയ ഈ കൊച്ചുകൊച്ചു കുറിപ്പുകളില്‍നിന്നും മലയാളഭാഷ ശ്രേഷ്ഠവും രാസാത്മകവുമാണെന്നു തെളിഞ്ഞിട്ടുണ്ടാവുമല്ലോ!.അതിന്റെ യുക്തമായ പ്രയോഗം അനുവാചകരിലേക്കു സംവേദനം ചെയ്യുന്ന അര്‍ത്ഥവും അര്‍ത്ഥവ്യതിയാനവും ഒക്കെ ഒരു പരിധിവരെ എല്ലാവര്‍ക്കും മനസ്സിലായിക്കാണുമെന്നും പ്രതീക്ഷിക്കുന്നു.യുക്തിയോടെ, ഔചിത്യത്തോടെ മലയാളഭാഷ കൈകാര്യം ചെയ്യാന്‍ നിങ്ങളേവര്‍ക്കും കഴിയട്ടേയെന്നു ആശംസിക്കുന്നു.
ഈ പംക്തി ഇവിടെ അവസാനിക്കുന്നു.                                                                                                                                                                                                                                                   ****************************                     

ചിലതൊക്കെ നാം ചെയ്യുന്നത് തികച്ചും ശരിയാണ്.
നാക്ക് കൊണ്ട് നക്കാം, മൂക്ക് കൊണ്ട് മണക്കാം, കണ്ണ് കൊണ്ട് കാണാം, കാതു കൊണ്ട് കേൾക്കാം, വായ കൊണ്ട് വായിക്കാം (ഉറക്കെ ആണെങ്കിൽ മാത്രം)
പക്ഷെ ചിലതൊന്നും അത്ര ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.
മുടിഞ്ഞുപോകുക എന്നു പറഞ്ഞാൽ അതിനു മുടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഉടുക്കുക എന്നത് ഉടുക്കുമായും, വലയ്ക്കുക എന്നത് മീൻ വലയുമായും, കടക്കുക എന്നത് സാധനം വാങ്ങുന്ന കടയുമായും ഒന്നും ഒരു ബന്ധവും ഇല്ല.
മനസ്സ് കൊണ്ട് മനസ്സിലാക്കാം. കണ്ടു കൊണ്ടും, കേട്ടുകൊണ്ടും, വായിച്ചു കൊണ്ടും ഒക്കെ മനസ്സിലാകുന്നത്‌ എങ്ങിനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
കണ്ണില്ലാതെയും കാണാം. കണ്ണ് കൊണ്ട് മാത്രമല്ല കൈ കൊണ്ടും, കാലു കൊണ്ടും ഒക്കെ നമുക്ക് നോക്കാം. അത്ഭുതപ്പെടെണ്ടാ....
നോക്കൂ..... (അല്ല ശ്രദ്ധിക്കൂ...!)
തപ്പി നോക്കിയും തൊട്ടു നോക്കിയും, തട്ടി നോക്കിയും, തട്ടിച്ചു നോക്കിയും, മുട്ടി നോക്കിയും (കൈയോ തലയോ കൊണ്ട് മുട്ടി നോക്കാം. വേണമെങ്കിൽ മാറ്റാനുമായി ഉരസാാനും ഇങ്ങനെ സാധിക്കും) അടിച്ചു നോക്കിയും ഇടിച്ചു നോക്കിയും തൊഴിച്ചു നോക്കിയും (കണ്ണ് കൊണ്ട് നോക്കാതെ) ഒക്കെ മനസ്സിലാക്കുന്നത് എങ്ങിനെ എന്ന് ആരെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ ? ഇതൊക്കെ എന്താണ് കാഴ്ചയോടു ചേർത്തു പറയുന്നത് ? അന്ധന്മാർ എങ്ങിനെ തപ്പി നോക്കും? തട്ടി നോക്കും? മുട്ടി നോക്കും? അന്ധന്മാരോട് ഇതൊക്കെ കേട്ടു നോക്കൂ എന്നാരെങ്കിലും പറയുമോ ?
കൈ കൊണ്ട് പിടിക്കരുത് പകരം കൈക്കുകയോ കടിക്കുകയോ ചെയ്തു കൂടെ? കാലു കൊണ്ട് നടക്കാതെ എന്ത് കൊണ്ട് കലിച്ചു കൂടാ ? വടി കൊണ്ടെന്തിനാ അടിക്കുന്നത് ? വടിക്കരുതോ ? ചുണ്ട് കൊണ്ട് ചൂണ്ടണം അല്ലാതെ മിണ്ടരുത്, ചിരിക്കരുത്. ഇടി എന്തിനാണ് വെട്ടുന്നത് - ഇടിച്ചു കൂടെ ?മുട്ട് കൊണ്ടാണ് മുട്ടേണ്ടത് അല്ലാതെ കൈ കൊണ്ടോ തല കൊണ്ടോ അല്ല. മുടി മുടിക്കണം. ആരും ചീകുകയോ ഈരുകയോ ചെയ്യരുത്. കൂടു കൊണ്ട് കൂടണം അല്ലാതെ മനസ്സുകൊണ്ടല്ല. മൂട് കൊണ്ട് മൂടണം അല്ലാതെ ഇരിക്കാൻ ശ്രമിക്കരുത്. ഉലക്ക കൊണ്ട് ഉലയ്ക്കണം. അത് വച്ചു് ഇടിക്കരുത്. എണ്‍പത് കഴിഞ്ഞു തൊണ്‍പതും എണ്ണൂറു കഴിഞ്ഞു തൊണ്ണൂറും എണ്ണായിരം കഴിഞ്ഞു തൊള്ളായിരവും അല്ലേ വരേണ്ടേതു?
കാറ്റടിക്കുക (വെറുതെ കാറ്റൂതുന്നതിനും ടയറിൽ കയറ്റുന്നതിനും), തിരയടിക്കുക, കോളടിക്കുക, ഗോളടിക്കുക, താളമടിക്കുക, ചായമടിക്കുക, ചൂളമടിക്കുക, കുറ്റിയടിക്കുക, വിസിൽ അടിക്കുക, പുളു അടിക്കുക, പോക്കറ്റടിക്കുക, പഞ്ചാരയടിക്കുക, മൊട്ടയടിക്കുക, തട്ടടിക്കുക, അച്ചടിക്കുക, മുറി അടിക്കുക, മുറ്റമടിക്കുക, മറ്റുള്ളവരെ അടിക്കുക, ലൈറ്റ് അടിക്കുക, ചായ അടിക്കുക, (ചായ കുടിക്കുന്നതിനും ചായ നീട്ടി ആറ്റുന്നതിനും ചായ അടിക്കുക എന്ന് പറയും. അത് തന്നെ പട്ടയടിക്കുന്നതിനും) ഞവിരി അടിക്കുക (കൃഷി), എന്ന് തുടങ്ങി സൈറ്റ് അടിക്കുക, സാധനങ്ങൾ അടിച്ചു മാറ്റുക വരെ അടിക്കുക എന്ന വാക്കുപയോഗിക്കുന്നുണ്ട്. ഇതൊക്കെ പലതരം പ്രവൃത്തികളാണ്. ഇതിലൊക്കെ അടി എവിടെയെന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ഭാഷ ഉരുത്തിരിഞ്ഞു വന്നപ്പോൾ ഇതൊക്കെ എന്താണാവോ ആരും ആലോചിക്കാഞ്ഞത്. (അന്ന് ഞാൻ ഇല്ലാതിരുന്നത് നിങ്ങളുടെ ഒക്കെ ഭാഗ്യം !)
പക്ഷെ പുതുതായി നമ്മുടെ ഭാഷ പഠിക്കുന്നവർക്ക് ഇതൊക്കെ വലിയ തലവേദനയാണ്. കേരളത്തിൽ ജനിച്ചു വളരുന്നവർക്ക് പ്രശ്നമല്ല. ചെറുപ്പത്തിലേ ഇതൊക്കെ കേട്ടുകേട്ട് അതൊക്കെ അങ്ങനെ തന്നെ ആണെന്ന് നാം ധരിച്ചു വച്ചിരിക്കുന്നു.
ഇതൊക്കെ ആലോചിച്ചു നിങ്ങളാരും തല പുണ്ണാക്കേണ്ട കാര്യമില്ല. തലകൊണ്ട് തലയ്ക്കുകയാണ് വേണ്ടത് !!                                                                                                                                                                        ********************                                                                                                                        ഓരോ വാക്കും ഉരുത്തിരിഞ്ഞു വന്നതിനു ഒരു കഥയുണ്ട്, ഒരു പ്രമാണമുണ്ട്. അത് ലംഘിച്ചു വാക്കിനൊരു നിലനില്പില്ല. ഉദാ: ഞാൻ എപ്പോഴും പരാമർശിക്കുന്ന ൽ എന്ന ചില്ലും ല് എന്ന ചില്ലും. വില, നില തുടങ്ങിയ പദങ്ങളോടു ചേർന്നുവരുന്ന പദങ്ങൾലകാരച്ചില്ലുപയോഗിച്ചെഴുതണം. വില്പന, നില്ക്കുക എന്നിങ്ങനെ. അതൊക്കെ വിൽപന, നിൽക്കുക എന്നൊന്നും എഴുതാൻ പാടില്ല. അതുപോലെ താല്പര്യം, സല്ക്കർമ്മം, സല്ക്കരിക്കുക ഇതൊക്കെ തെറ്റാണ്. ഇവ തകാരച്ചില്ലുപയോഗിച്ചും എഴുതണം. അതേക്കുറിച്ച് അടുത്ത ചില രചനകളിൽ പ്രതിപാദിക്കാം. ഭാഷ നിരന്തരം പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. പുതിയ വാക്കുകൾ ഉദയം കൊള്ളുന്നു. പുതിയ പ്രയോഗങ്ങളും വരുന്നു. വാക്കുകൾ ഒരു തത്വദീക്ഷയുമില്ലാതെ തെറ്റായി പത്രങ്ങളും ഔദ്യോഗിക മാദ്ധ്യമങ്ങൾ പോലും ഉപയോഗിക്കുന്നു. ഇതൊക്കെ വായിക്കുന്ന പുതുതലമുറ ആ വാക്കുകളും അക്ഷരങ്ങളും ശരിയാണെന്ന് ധരിക്കുന്നു. പുതുതലമുറയുടെ ഭാഷാപ്രയോഗം വളരെ വികലമാണ്. ഞാൻ പണ്ടൊക്കെ പത്രങ്ങളുടെ ഈ വികൃതികളെക്കുറിച്ച് അവർക്ക് എഴുത്തയയ്ക്കാറുണ്ടായിരുന്നു. ഒരു പ്രയോജനവും ചെയ്തിട്ടില്ല. ഇത് ഞാൻ വെറുതെ ഇരുന്നപ്പോൾ തോന്നിയ ഒരു കുസൃതി മാത്രം. മലയാളികൾ അല്ലാത്തവരുടെ ബുദ്ധിമുട്ടിലേക്ക് ഒരു ശ്രദ്ധ ക്ഷണിക്കൽ മാത്രം.                                                                                                                                                                                                   *******************                                                                                                                                ഇകാരത്തിനു പിമ്പേ യകാരം ഉപയോഗിക്കേണ്ട ആവശ്യമേയില്ല. വടക്കർ ഇരിക്കുക എന്നും തെക്കർ ഇരിയ്ക്കുക എന്നും ഉച്ചരിക്കും. രണ്ടും ശരിയാണ്. എന്നാൽ അകാരത്തിന് പിമ്പേ യകാരം ഇല്ലെങ്കിൽ ചിലപ്പോൾ കുഴപ്പമാവും. വിദ്യാർഥി, അധ്യാപകൻ എന്നൊക്കെ മതി എന്നാണു ലിപി പരിഷ്കർത്താക്കൾ പറയുന്നത്. ഇത് ചിലർ വിദ്യാർത്തി, വിദ്ധ്യാർത്തി, വിധ്യാര്ധി എന്നൊക്കെ ഉച്ചരിക്കുന്നു. ഇപ്പോൾ ക മുതൽ മ വരെയുള്ള എല്ലാ അക്ഷരങ്ങളുടെയും ഉച്ചാരണം ഇന്നത്തെ തലമുറയ്ക്ക് വ്യവച്ഛേദിച്ചറിയാൻ വലിയ ബുദ്ധിമുട്ടാണ്. നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിന്റെ തകർച്ചയാണ് അതു കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ചാരണവും അങ്ങനെയായിപ്പോകുന്നു. അത് വിദ്യാർത്ഥി എന്ന വാക്കിനു സമമാകുകയില്ല. അദ്ദ്യാപകൻ, അധ്യാപകൻ, അദ്യാപകൻ എന്നൊക്കെ ഉച്ചരിക്കുന്നത് അദ്ധ്യാപകൻ എന്നതിനും സമമാകില്ല. ങ്ങ എന്ന അക്ഷരം അച്ചടിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാ പത്രങ്ങളിലും വേണ്ടയ്കാ വലിപ്പത്തിൽ ചുനിപ്പില്ലാതെയാണ് അതച്ചടിക്കുന്നത്. ഔദ്യോഗിക മാദ്ധ്യമങ്ങൾ പോലും ഈ ങ്ങ ആണുപയോഗിക്കുന്നത്. ആരോട് പറയാൻ ! ഭാഷ വളരുന്നത്‌ നല്ലത് തന്നെ. പക്ഷേ, ഇമ്മാതിരി പരിഷ്കാരങ്ങളൊക്കെ തുടർന്നാൽ, ഈ വാക്കുകളൊക്കെ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന ചരിത്രവും വ്യാകരണവുമൊക്കെ അപ്പാടെ വിഴുങ്ങേണ്ടി വരും. ഇപ്പോൾത്തന്നെ കമ്പ്യൂട്ടറിൽ പഴയ ലിപിയൊക്കെ വളരെ ഭംഗിയായി അച്ചടിക്കാൻ സാധിക്കുന്നുണ്ട്. പണ്ട് അച്ചടിക്കാനുള്ള ബുദ്ധിമുട്ടൊഴിവാക്കാനാണ് ലിപി പരിഷ്കരണം നടത്തിയത്. ഇനി അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഭാഷയ്ക്കുവേണ്ടി ഒരു തിരിച്ചുപോക്ക് നല്ലതല്ലേ ?
 കഥയോ കവിതയോ ലേഖനമോ യാത്രാ വിവരണമോ എന്തുമാകട്ടെ, അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ സഭ്യമായ ഭാഷയിൽ എഴുതി ഇവിടെ പതിപ്പിക്കാം. സാങ്കേതികത്വം ആവശ്യമുള്ള ലേഖനങ്ങൾ അതായത് നൃത്തം, സംഗീതം, ചിത്രരചന എന്നിവ പോലെ സാഹിത്യവുമായി നേരിട്ടു ബന്ധമില്ലാത്ത കലകളെ സംബന്ധിച്ചുള്ള ലേഖനങ്ങൾ എഴുതുമ്പോൾ അക്ഷരത്തെറ്റുകൾ, പ്രയോഗ വൈകല്യങ്ങൾ എന്നിവ അത്ര കാര്യമായി എടുക്കേണ്ട ആവശ്യമില്ല. അതുകൂടി ഉണ്ടെങ്കിൽ വളരെ നല്ലത് എന്ന് മാത്രം. പക്ഷേ സാഹിത്യ ലേഖനങ്ങൾ കവിതകൾ എന്നിവയ്ക്ക് ഇതൊക്കെ നിർബ്ബന്ധമാണ്. കഴിഞ്ഞ ദിവസം ഞാൻ ഒരാളോട് അദ്ദേഹത്തിൻറെ കവിതയിൽ അക്ഷരപ്പിശക് കണ്ടപ്പോൾ ഇങ്ങനെ പോരേ എന്ന് ചോദിച്ചതിനാണ്‌ അയാൾ എന്നെ കാണുന്നിടത്ത് വച്ചൊക്കെ ആക്ഷേപിച്ചത്. വളരെ ആഴത്തിൽ അറിവുള്ള ഒരാളായിരുന്നു. പക്ഷേ താൻ എഴുതുന്നതൊക്കെ ആരും വിമർശിക്കരുതെന്നു ശഠിച്ചാൽ എന്ത് ചെയ്യും ? വൃത്തനിബദ്ധമായ രചനയിൽ ഒരക്ഷരം തെറ്റിയാൽ എല്ലാം പോയില്ലേ ? മലയാളഭാഷയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറയല്ലേ. ഇന്നിറങ്ങുന്ന 99 ശതമാനം പ്രസിദ്ധീകരണങ്ങളും, ഔദ്യോഗികമായതുൾപ്പടെ, മുഴുവൻ അക്ഷരപ്പിശകുകൾ നിറഞ്ഞതാണ്‌. വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതും അത്ര നല്ല വിവരമുള്ളവർ ആണെന്ന് തോന്നുന്നില്ല. ഒന്നാം പാഠപുസ്തകം ഞാൻ ഈയിടെ പരിശോധിച്ച് കുറെ തെറ്റുകൾ കണ്ടെത്തിയിരുന്നു. പുസ്തകം ഇങ്ങനെയായാൽ പിന്നെങ്ങനെ വിദ്യാഭ്യാസം ശരിയാകും ? പുതുതലമുറ എഴുതുന്നത്‌ ഒട്ടൊഴിയാതെ തെറ്റുകൾ നിറഞ്ഞതാണ്‌. ഭാഷ അങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നു. കുറെ കഴിയുമ്പോൾ നല്ല മലയാള ഭാഷ കാണണമെങ്കിൽ മ്യൂസിയത്തിൽ പോകേണ്ടി വരും. അതാണ്‌ ഇന്നത്തെ ഗതി. താങ്കൾ എഴുതിയതിൽത്തന്നെ വേണ്ട, ശരിയ്ക്കും, എഴുതി തുടങ്ങുന്നവർക്ക് ഇത്രയും പിശകുകൾ ഉണ്ട്. ഇങ്ങനെയുള്ള പിശകുകളും പ്രയോഗ വൈകല്യങ്ങളുമൊക്കെയാണ് ഞാൻ നിത്യേന പറഞ്ഞു കൊടുക്കുന്നത്. എന്ന് വച്ച് ഞാൻ വലിയ വിദ്വാനൊന്നുമല്ല. കുടിപ്പള്ളിക്കൂടത്തിലെ ആശാന്റെ നിലവാരം പ്രതീക്ഷിച്ചാൽ മതി. ഞാൻ മേൽപറഞ്ഞ വിദ്വാനെ നമ്മുടെ കൂട്ടായ്മയ്ക്ക് താങ്ങാനാവുന്നില്ല. അദ്ദേഹത്തിനു വൈദുഷ്യം കൂടുതലായതിനാൽ മറ്റുള്ളവരെ അപഹസിക്കുന്നു. അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കണം. അപ്പോഴേ അതിനു വിലയുണ്ടാകൂ. 

ആർക്കും രചനകൾ ഇവിടെ പതിക്കാം. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ല. പക്ഷേ, എല്ലാവർക്കും ഒരേ പരിഗണന മാത്രം. അറിവുള്ളവർ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ സന്മനസ്സുണ്ടാകണം എന്നേയുള്ളൂ. 


സ്വരങ്ങൾ :

അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അഃ (ഇങ്ങനെ 18 സ്വരങ്ങൾ പണ്ട് ഭാഷയിൽ ഉണ്ടായിരുന്നു. ഇതിലെ ൠ ഌ ൡ ഇതൊക്കെ ഇപ്പോൾ പ്രചാരത്തിലില്ല. അവസാനത്തെ അം അ: ഇവ യഥാക്രമം അനുസ്വാരവും വിസർഗ്ഗവും ആണ്. അതായത് കടം എന്നതിലെ അം, ദുഃഖം എന്നതിലെ : ഇതു രണ്ടും. )

ൠ എന്നുള്ളത് ഋ വിന്റെ ദീർഘമായ ഉച്ചാരണം. അതുപോലെ ൡ എന്നുള്ളത് ഌഎന്നതിന്റെ ദീർഘം. ഌ എന്നത് പണ്ട് ക്ഌപ്തം എന്നൊക്കെ Co. Ltd. എന്ന് ആംഗലേയത്തിൽ എഴുതുന്നതിന്റെ മലയാള പരിഭാഷയാണ്. ഇപ്പോൾ എല്ലാവരും ക്ലിപ്തം എന്നാണു എഴുതുന്നത്‌. (ആദ്യമായി മലയാളം പഠിക്കുന്നവർക്ക് ഇതൊരു പൊല്ലാപ്പ് തന്നെ. ലയുടെ അടിയിൽ ഈ ചിഹ്നം ചേർക്കുമ്പോൾ ലയുടെ ഇരട്ടിപ്പായും മറ്റുള്ളവയുടെ അടിയിൽ ചേർക്കുമ്പോൾ ള ആയും വരുന്നു) ഌവിന്റെ ഉച്ചാരണം ലു എന്നാണു. ൡ എന്നതിന്റെ ലൂ എന്നും.

വ്യഞ്ജനങ്ങൾ :

ക ഖ ഗ ഘ ങ — കവർഗ്ഗം -5
ച ഛ ജ ഝ ഞ — ചവർഗ്ഗം -5
ട ഠ ഡ ഢ ണ — ടവർഗ്ഗം -5
ത ഥ ദ ധ ന — തവർഗ്ഗം -5
പ ഫ ബ ഭ മ — പവർഗ്ഗം -5
യ ര ല വ — മദ്ധ്യമങ്ങൾ -4
ശ, ഷ, സ, ഹ, ള, ക്ഷ, ഴ, റ - ഊഷ്മാക്കൾ. - 8 (ക്ഷ എന്നത് ശബ്ദതാരാവലിയിലാണ് ഉള്ളത്)
ആകെ 55.

ഭാഷയിൽ സംസ്കൃതത്തിലും തമിഴിലും ഉള്ള എല്ലാ അക്ഷരങ്ങളെയും സ്വീകരിച്ചിട്ടുണ്ട്. സംസ്കൃത അക്ഷരമാല സ്വീകരിച്ച്, അതിൽ തമിഴിന്റെ 4 അക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് മലയാള അക്ഷരമാല ഉണ്ടാക്കിയിരിക്കുന്നത്. കേരള പാണിനീയത്തിൽ 53 ഉച്ചാരണങ്ങൾ:

സ്വരങ്ങൾ :
അ മുതൽ ഔ വരെ (ആകെ 16)

വ്യഞ്ജനങ്ങൾ
ക മുതൽ മ വരെയുള്ള വർഗ്ഗാക്ഷരങ്ങൾ - 25
യ, റ, ല, വ - മാദ്ധ്യമം -4
ല. ശ, ഷ, സ - ഊഷ്മാവ് - 3
ഹ - ഘോഷി -1
ള, ഴ, റ - ദ്രാവിഡ മദ്ധ്യമം -3
ന ദ്രാവിഡാനുനാസികം -1 (ആകെ 37)
(ഇത് ണ എഴുതുന്നപോലെ മുമ്പിൽ ചുനിപ്പോടെയാണ് എഴുതുന്നത്‌. ചിത്രം നോക്കുക)
മൊത്തം 53.

ഇവ കൂടാതെ ഭാഷയിൽ വേറെയും വർണ്ണങ്ങൾ ഉണ്ട്. റ യുടെ ഇരട്ടിപ്പായ റ്റ (ഇത് 4 എന്നെഴുതുന്നപോലെയാണ്. ചിത്രം നോക്കുക), പന എന്നതിലെ ന ഇവയെ കേരള പാണിനി കണ്ടുപിടിച്ച് അവയ്ക്ക് ചിത്രത്തിൽ കാണുന്നമാതിരി ലിപികൾ കൊടുത്തുവെങ്കിലും അതത്ര പ്രചാരം നേടിയില്ല. റ്റ, ന - ഇവയെ വർത്സ്യങ്ങൾ എന്ന് വിളിക്കുന്നു. (ദ്രാവിഡാനുനാസികത്തിലുള്ള ന നമ്മൾ, നാമം എന്നൊക്കെ പ്രയോഗിക്കുമ്പോൾ ഉള്ളതാണ്. ഇപ്പോൾ രണ്ടും ഒന്നുപോലെതന്നെ എഴുതും. സ്ഥാനഭേദമനുസരിച്ച് ഉച്ചരിക്കും)

ലിപിയില്ലാതെ ഉച്ചാരണം മാത്രം ഉള്ള ഒരു സ്വരവും ഭാഷയിലുണ്ട് - സംവൃത ഉകാരം അഥവാ അടച്ചുച്ചരിക്കുന്ന അരയുകാരം, അർദ്ധ ഉകാരം. വന്ന് (വന്നു), കണ്ട് (കണ്ടു)ഇവയിലെ മീത്തൽ ആണ് കക്ഷി. മറ്റെല്ലാ ചിഹ്നത്തിനും ലിപി ഉണ്ട്. മൊഴികളുടെ ആദ്യമായി ഈ സ്വരം വരാത്തതിനാലും അവസാനം മാത്രം വരുന്നതിനാലുമാണ് ലിപി ഇല്ലാത്തത്. പണ്ട് ഇത് ചുനിപ്പിനു ശേഷം മീത്തൽ ഇട്ടാണ് എഴുതിയിരുന്നത്. ഉദാ: എങ്ങനെയുണ്ടു്, അതിനു്, ഉളവാക്കുന്നതു്, വന്നു് ഇത്യാദി.
ഇപ്പോൾ മീത്തൽ മാത്രം മതി.

വീണ്ടും എന്റെ, നിന്റേത് എന്നൊക്കെ എഴുതുമ്പോൾ അതിലെ റ യുടെ ഉച്ചാരണം മറ്റൊരു വർണ്ണത്തിനും അവകാശപ്പെട്ടതല്ല.

f എന്ന ആംഗലേയെ വർണ്ണത്തിന് മലയാളത്തിൽ ലിപി ഇല്ല, ഉച്ചാരണവും ഇല്ല. പക്ഷേ ഇംഗ്ലീഷിൽ നിന്നും കടമെടുത്ത വളരെയേറെ പദങ്ങളിൽ ആ സ്വരം നാം ഉപയോഗിക്കുന്നുണ്ട്. ഉദാ: ഫാക്ടറി, ഫൈനൽ, ഫീസ്‌, ഫോണ്‍ തുടങ്ങിയവ. അറിവില്ലാത്ത പലരും അത് മലയാളത്തിലെ പല പദങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഉദാ: ഫലം, വിഫലം, കഫം ഇത്യാദി. ഇത് പ വർഗ്ഗത്തിൽപ്പെട്ട അതിഖരം എന്ന അക്ഷരമാണ്. അത് പ +ഹ എന്നാണു ഉച്ചരിക്കേണ്ടത്. അത് ഫാക്ടറി, ഫൈനൽ, ഫീസ്‌ എന്നൊക്കെ ഉച്ചരിക്കുന്നപോലെ പറയാൻ പാടില്ല. ചില തെക്കെൻ നാടുകളിൽ ഭീഷണി -feeshani, ഭാര്യ - faaraya, ഫലം - falam, ഭരണി - faranai ഒക്കെ ഉച്ചരിക്കുന്നത് ഈ Fa എന്ന അക്ഷരമുപയോഗിച്ചാണ്. അത് തെറ്റാണ്. ഹ, ശ, ഷ സ ഇങ്ങനെ ഊഷ്മാക്കൾ, യഥാക്രമം ക, ച, ട, ത എന്നീ വർഗ്ഗങ്ങൾക്കുണ്ടെങ്കിലും പവർഗ്ഗത്തിന് ഊഷ്മാവില്ല. അവിടെയാണ് f എന്ന സ്വരത്തിന്റെ പ്രസക്തി. ക, ച, ട, ത എന്നീ വർഗ്ഗാക്ഷരങ്ങളെ ഉച്ചരിക്കുന്നപോലെ അത്ര ശക്തി കൊടുക്കാതെ ശ്വാസത്തെ ഊതി വിടുമ്പോഴുണ്ടാകുന്ന വർണ്ണങ്ങളാണ് ഹ, ശ, ഷ, സ എന്നിവ. അതുകൊണ്ടാണ് അവയ്ക്ക് ഊഷ്മാക്കൾ എന്ന് പറയുന്നത്. ഇതുപോലെ പകാരത്തെ ഊഷ്മാവാക്കി ഉച്ചരിക്കുന്ന വ്യഞ്ജനമാണ് ഈ f എന്ന വർണ്ണം. നിർഭാഗ്യവശാൽ അങ്ങനെയൊരു ലിപി ദ്രാവിഡ ഭാഷകൾക്കൊന്നുമില്ല.

പല വൈയാകരണന്മാരും ഭാഷയ്ക്ക്‌ പലതരത്തിലാണ് ലിപികൾ കല്പിച്ചിരിക്കുന്നത്. അതിനാൽ ഇതൊരു കുഴഞ്ഞുമറിഞ്ഞ പ്രശ്നം തന്നെ.

ഇപ്പോൾ കേരള ഭാഷാ ഇൻസ്ടിട്യൂട്ട് ലിപി മാനകീകരണം നടത്തിയതിൽ :

സ്വരങ്ങൾ - അ മുതൽ ഔ വരെ 13
വ്യഞ്ജനങ്ങൾ - വർഗ്ഗക്ഷരങ്ങൾ - 25
ഊഷ്മാക്കൾ - 4, മദ്ധ്യമങ്ങൾ 7
എന്നിങ്ങനെ മൊത്തം 49 അക്ഷരങ്ങൾ മാത്രമേ ഉള്ളൂ.

പിരിക്കാൻ പാടില്ലാത്ത ശബ്ദത്തിനെയാണ് (ധ്വനി) വർണ്ണം എന്ന് കുറിക്കുന്നത്. സ്വയം ഉച്ചാരണക്ഷമമായ വർണ്ണമാണ് സ്വരം. വർണ്ണങ്ങൾ ചേർന്ന് അക്ഷരവും അക്ഷരങ്ങൾ ചേർന്ന് പദവും പദങ്ങൾ ചേർന്ന് വാക്യവും ഉണ്ടാകുന്നു. അക്ഷരങ്ങൾ എഴുതിക്കാനിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി. വർണ്ണങ്ങൾ തനിയെ ഉച്ചരിക്കാനാവുന്നവയും അല്ലാത്തവയും ഉണ്ട്. തനിയെ ഉച്ചരിക്കാവുന്ന വർണ്ണങ്ങളെ സ്വരം എന്നും തനിയെ ഉച്ചാരണമില്ലാത്തവയെ വ്യഞ്ജനങ്ങൾ എന്നും പറയുന്നു. സ്വരയോഗം കൊണ്ടാണ് വ്യഞ്ജനവർണ്ണങ്ങൾ അക്ഷരങ്ങളാകുന്നത്. സ്വരിക്കപ്പെടുന്നത് (ഉച്ചരിക്കപ്പെടുന്നത്) സ്വരം. സ്വരത്തിന് വ്യഞ്ജനമായി (പരിവാരമായി)വരുന്നത് വ്യഞ്ജനം. സ്വരം തനിയെ നിന്നാലും സ്വരം വ്യഞ്ജനത്തോട് ചേർന്നുനിന്നാലും അക്ഷരമാകും.

യ ര ല വ എന്നിവകളിൽ സ്വരത്തിന്റെയും വ്യഞ്ജനത്തിന്റെയും സ്വഭാവം ചേർന്നിട്ടുള്ളതിനാൽ അവയെ മദ്ധ്യമങ്ങൾ എന്ന് വിളിക്കുന്നു. ണ് , ന്, റ്, ല്, ള്, ഴ് എന്നീ വ്യഞ്ജനങ്ങൾ ചില്ലുകളായി നില്ക്കും. ഇവയ്ക്കു യഥാക്രമം ണ്‍, ൻ, ർ, ൽ, ൾ ഇവയാണ് അവയ്ക്കുള്ള ലിപികൾ. ൾ എന്നത് ള്, ഴ് എന്നീ രണ്ടു ചില്ലുകൾക്കും ഒന്നുതന്നെ. വ്യഞ്ജനങ്ങളെ ഉച്ചരിക്കാൻ സാധാരണ അതിന്റെ കൂടെ അ എന്ന സ്വരം ആണ് ചേർക്കാറുള്ളത്. ക് +അ =ക, ച് +അ=ച തുടങ്ങിയവ. നമ്മുടെ ഭാഷയ്ക്ക് അക്ഷരമാലയാണുള്ളത്. അതുകൊണ്ട് നാം എഴുതുന്നതൊക്കെ ഏകദേശം അങ്ങനെതന്നെ ഉച്ചരിക്കുന്നു. ഇംഗ്ലീഷ് ഭാഷയ്ക്ക് വർണ്ണമാലയാണ്. അതുകൊണ്ട് ചില വാക്കുകൾക്ക് ഉച്ചാരണം വ്യത്യാസം വരുന്നു.

യ, ര, ല, വ, ഴ, ള, ന, ണ, മ എന്നീ 9 വ്യഞ്ജനങ്ങളാണ് ചില്ലുകളായി വരുന്നത്. യകാരം ചില്ലായി വരുന്നത് തീയ്, കായ് എന്നപോലെ ദീർഘസ്വരങ്ങളിൽ ആഗമമായിട്ടോ, ആയി, പോയി എന്നിവങ്ങനെയുള്ള ഭൂതകാല രൂപങ്ങളിൽ ഇകാരം ലോപിച്ചിട്ടോ ആണ്. അതുകൊണ്ട് യ ചില്ലക്ഷരമായി പരിഗണിച്ചിട്ടില്ല. മകാരം ചില്ലായി വരുന്നതാണ് അനുസ്വാരം അഥവാ അം എന്ന പ്രയോഗം. ര, റ എന്നിവകൾക്ക് ധ്വനിസാമ്യം ഉള്ളതിനാൽ രണ്ടിനുംകൂടി ർ എന്നും, ഴ, ള എന്നിവകൾക്കും അതേപോലെ ഉള്ളതിനാൽ അവയ്ക്ക് പൊതുവായി ൾ എന്നും ചില്ലുകൾ കൊടുത്തിരിക്കുന്നു.
ഭാഷയിൽ ല് എന്നും ൽ എന്നും ഒരേ ഉച്ചാരണമുള്ള രണ്ടു ചില്ലുകളുണ്ട്. അവയെ വ്യവച്ഛേദിച്ചറിയാൻ വേണ്ടിയാണ് ലകാരച്ചില്ല് തകാരച്ചില്ല് എന്നിങ്ങനെ വിവക്ഷിക്കുന്നത്.
രണ്ടും രണ്ടു തരത്തിലാണ് പ്രയോഗിക്കുന്നത്. ഉദാ: ഉത്ക എന്ന പദത്തിന് ആഗ്രഹമുള്ള മനസ്സോടുകൂടിയ എന്നാണു അർത്ഥം. അതായത് ഉദ്ഗതമായ മനസ്സോടെ. അപ്പോൾ ഉത്കടേച്ഛ എന്നതിന് അധികമായ ആഗ്രഹത്തോടെ എന്ന് അർത്ഥം വരും. അത് ഉല്ക്കടേച്ഛ എന്നെഴുതിയാൽ ആ അർത്ഥം കിട്ടില്ല.

വീണ്ടും, ഉത്കണ്ഠ - കഴുത്ത് ഉയർത്തിപ്പിടിച്ച, ഉദ്ഗതമായ മനസ്സോടുകൂടിയ എന്നൊക്കെ അർത്ഥം. (ഉത് +കലിശോകേ എന്ന ധാതുവിൽനിന്നും നിഷ്പന്നം) ഒരു വസ്തുവിന്മേലുള്ള ആഗ്രഹം നിമിത്തം അതിനെത്തന്നെ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ഠം പൊങ്ങുന്നു എന്നാണ് അർത്ഥം. ഭാഷയിൽ ഉൽക്കണ്ഠ എന്നും ഉപയോഗിക്കാം. പക്ഷെ സംസ്കൃതപണ്ഡിതന്മാർ ഉത് കണ്ഠ എന്നെ ഉച്ചരിക്കൂ. ഉത്കൃഷ്ടം, ഉത്ക്ഷേപിക്കുക, ഉദ്ഗ്രഥനം, ഉദ്ഘാടനം ഇതൊക്കെ അങ്ങനെ വരുന്ന വാക്കുകളാണ്. അവിടയൊക്കെ ലകാരച്ചില്ല് കൊണ്ടുവച്ചാൽ വാക്കിന് അർത്ഥംതന്നെ ഇല്ലാതെ വരും.

വേറൊന്ന്: വല്മീകം = ചിതല്പ്പുറ്റ്. (വല സഞ്ചരണേ എന്ന ധാതുവിൽ നിന്നും നിഷ്പന്നം) ജീവികൾ ഇതിനുള്ളിൽക്കൂടി സഞ്ചരിക്കുന്നതിനാൽ എന്നർത്ഥം. അത് ഭേദിച്ച് പുറത്തു വന്നതിനാൽ രത്നാകരൻ വാല്മീകി എന്നറിയപ്പെട്ടു. (വാല്മീകാദ് ഭാവോ വാല്മീകി) അവിടെ വാൽമീകി, വാത്മീകി എന്നൊക്കെ എഴുതാൻ പാടില്ല.

ഇനിയും: ശരത് കാലം ആണ് ശരൽക്കാലം. അത് ശരല്ക്കാലം എന്നെഴുതിയാൽ ശരിയാവില്ല. ശരത്+ചന്ദ്രൻ=ശരച്ചന്ദ്രൻ, ശരത്+മേഘം=ശരന്മേഘം, ശരത്+ത്രിയാമ=ശരത്ത്രിയാമ ഇവയൊക്കെ ലകാരച്ചില്ലുപയോഗിച്ച് എഴുതാൻ പാടില്ല.

ഒന്നുകൂടി: സത്കരിക്കുക (സൽക്കരിക്കുക) സത്+കര് (കൃ) എന്നാണ് ധാതു. സാക്ഷാത്കരിക്കുക (സാക്ഷാൽക്കരിക്കുക), സത്കർമ്മം (സൽക്കർമ്മം), വാത്സല്യം ഇത്യാദികളൊക്കെ ലകാരച്ചില്ലുപയോഗിച്ചെഴുതിയാൽ ശരിയാവില്ല. .................
അല്പം ചില വ്യാകരണവിചാരങ്ങൾ കൂടി                                                                                 *****************************
തന്നെ, കുറിച്ച്, പറ്റി, കൂടി, കാൾ, പോലെ, പോലും എന്നിവയൊക്കെ മറ്റു വാക്കുകളോട് ചേർത്തുപയോഗിക്കണം. അപ്പോൾ സന്ധിവികാരം അനുസരിച്ച് അതിന്റെ ആദ്യാക്ഷരം ഇരട്ടിക്കും. നിങ്ങളെത്തന്നെ, നിങ്ങളിൽത്തന്നെ, അവളിൽത്തന്നെ, നിങ്ങളെക്കുറിച്ച്, നിങ്ങളെപ്പറ്റി, നിങ്ങളെക്കൂടി, എന്നെക്കൂടി, നിങ്ങളെക്കാൾ, എന്നെപ്പോലെ, നിങ്ങളെപ്പോലും, എന്നൊക്കെ വരും. എന്നാൽ ഉ, ഉം ഇതൊക്കെ അന്ത്യസ്വരമായി വരുന്ന സമയത്ത് - അവനുപോലും, അവൾക്കുപോലും അതുപോലെ, നിങ്ങളുംകൂടി, (ചില സ്ഥലങ്ങളിൽ ചില്ലക്ഷരങ്ങൾ വരുമ്പോഴും) അവർപോലും, അവൻപോലും, അവൻതന്നെ, അവൾതന്നെ - എന്നൊക്കെ പ്രയോഗിക്കുമ്പോൾ ഇരട്ടിപ്പ് വേണ്ടാ. ഇൽ എന്നു അവസാനം വരുന്ന വാക്കുകളുടെ കൂടെ മേൽപറഞ്ഞ വാക്കുകൾ ചേർത്താൽ ദ്വിത്വം വേണം. അവളിൽത്തന്നെ, അവനിൽത്തന്നെ, എന്നിൽത്തന്നെ, മുകളിൽപ്പോകാം എന്നൊക്കെ വേണം. അവൻ തന്നെ പോകണം എന്ന് എഴുതിയാൽ അവൻ തനിയെ പോകണം എന്നാണു അർത്ഥം. എന്നാൽ അവൻതന്നെ പോകണം എന്നെഴുതിയാൽ അവൻ മാത്രമാണ് പോകേണ്ടത് എന്നുവരും.

5 അഭിപ്രായങ്ങള്‍

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. വളരെ ഗുണപ്രദമായ രചന.. നന്ദി സാര്‍

    മറുപടിഇല്ലാതാക്കൂ
  3. വളരെ വിലപ്പെട്ട അറിവുകൾ അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  4. ഓരോരുത്തരും തിരുത്തേണ്ട നിരവധി തെറ്റായ പ്രയോഗങ്ങൾ മനസ്സിലാക്കാൻ ഈ ലേഖനം കൊണ്ട് കഴിയും 👌

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ