തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എന്ന സ്ഥലത്ത് 1955 ജനനം- 1992ൽ ആനുകാലികങ്ങളിലും, ആകാശവാണിയിലും എഴുതി തുടങ്ങി. ഗണിതം (ശ്യാമപ്രസാദ്),വേർപാടുകളുടെ വിരൽപ്പാടുകൾ (സുരേഷ് ഉണ്ണിത്താൻ),വിളക്ക് വക്കും നേരം(ബാലചന്ദ്രമേനോൻ) എന്നീസീരിയലുകൾക്ക് കേരളസർക്കാറിന്റെയും മറ്റ് സംഘടനകളുടേയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.16 സീരിയലുകൾ, 12നാടകങ്ങൾ, 5 സിനിമകളുടെ രചനയും,നിരവധി ഗാനങ്ങളും എഴുതിയിട്ടുണ്ട്.പതിനഞ്ചു വർഷത്തോളം മാവേലിക്കര വേലുക്കുട്ടിനായർ,മാവേലിക്കര ക്യഷ്ണങ്കുട്ടിനായർ,പാലക്കാട് എസ്.മണി അയ്യർ, തുടങ്ങിയവരിൽ നിന്നും മ്യദംഗവും,പ്രശസ്ഥരായ ഗുരു ജനങ്ങളിൽ നിന്നും ന്യത്തവും,ഗീതവും അഭ്യസിച്ചിട്ടുണ്ട്. ഇന്ദിരാ കോളേജിന്റെ മാനേജിംഗ് ഡയറക്റ്ററായി പ്രവർത്തിക്കുന്നു. കഥയുടെ പണിപ്പുര എന്റെ ബ്ലൊഗിൽ ഈ ലേഖനം ഇട്ടിരുന്നു,പിന്നെ മറ്റ് ചിലയിടത്തും,വായിക്കാത്തവർക്കായി വീണ്ടും കഥയുടെ പണിപ്പുരയിലേക്ക് .എഴുതി തുടങ്ങുന്നവർക്ക് വേണ്ടിയാണീ പോസ്റ്റ് അതുകൊണ്ട് തന്നെ വളരെ ലളിതാമായിട്ടാണ് ഇതിന്റെ ആഖ്യാനം.
കഥ എന്നാൽ എന്താണ്.'വാക്യരചനാ വിശേഷം' എന്നാണ് ശബ്ദതാരാവലിയിൽ ഇതിന് കൊടുത്തിരിക്കുന്ന അർത്ഥം.അതായത് കല്പിത കഥാപാത്രങ്ങളെക്കൊണ്ട് രചിക്കുന്ന പ്രസ്താവം. കുറച്ച് കൂടി വിസ്തരിച്ച് പറഞ്ഞാൽ,ഒരു കള്ളം(ഭാവന),ചിന്തയും,വികാരവും ഒരുമിച്ച് ചേർത്ത് അനുഭവമാക്കി മാറ്റുന്ന അവസ്ത്ഥയെയാണ് കഥ എന്ന് പറയുന്നത്.വളരെ ലളിതമായി പറഞ്ഞാൽ, ഭാവനയെ സത്യമാക്കി മാറ്റുന്ന കഴിവാണ് കഥ. അപ്പോൾ ഒരു ചോദ്യം ഉയരാം.കഥ ജീവിത ഗന്ധി ആയിരിക്കണം,റിയലിസ്റ്റികായിരിക്കണം എന്നൊക്കെ പറയുന്നതോ എന്ന് ? അതെ; നമ്മുടെ ചിന്തയോടൊപ്പം നമ്മൾ കണ്ടതും, അനുഭവിക്കുന്നതും, നമുക്ക് ചുറ്റും നടക്കുന്നതുമായ കാര്യങ്ങൾ നമ്മുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കണം. അതായത് രൂപേഷ് എന്ന ഒരാൾ അയാളുടെ കൂട്ടകാരനെ കൊന്നു എന്ന് വയ്ക്കുക. ഇത് അങ്ങനെ തന്നെ എഴുതിയാൽ അത് ഒരു വാർത്ത മാത്രമേ ആകൂ.അപ്പോൾ, കഥക്കായി നമ്മുടെ ചിന്ത കുറേ കള്ളങ്ങൾ കണ്ട്പിടിക്കും. കൂട്ടുകാരന്റെ വില്ലത്തരങ്ങൾ ,അയാൾ രൂപേഷിന്റെ സഹോദരിയെ ആക്രമിച്ചകാര്യം, അല്ലെങ്കിൽ രൂപേഷിനു മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധം,അവൻ അമിതമായി ഡ്രഗ്ഗ്സ് ഉപയോഗിക്കുന്നത് കൂട്ടുകാരൻ കാണുകയും അവനത് രൂപേഷിന്റെ മാതാപിതാക്കളെ അറിയിച്ചത്. തുടങ്ങി പലകള്ളങ്ങളും (ചിലപ്പോൾ ഇതിലേതെങ്കിലും ഒക്കെ സംഭവിച്ചതാകാം)നമ്മൾ ഈ വാർത്തയോടൊപ്പം പൊലിപ്പിച്ചെഴുതുമ്പോൾ അത് കഥയാകുന്നു."അവൻ കഥയുണ്ടാക്കി പറയുന്നതാ" എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടിലുണ്ടല്ലോ. എന്താണതിനർത്ഥം, അവൻ കുറേ കള്ളങ്ങൾ പറഞ്ഞ് നടക്കുന്നു എന്ന് തന്നെയാണ്.കള്ളം പറയുവാനുള്ള കഴിവ് മനുഷ്യർ ജനിച്ച കാലം മുതൽക്ക് തന്നെയുണ്ട്. ഒരു കള്ളമെങ്കിലും പറായാത്തവരായി ആരുമുണ്ടെന്ന് എനിക്ക് തോന്നിന്നില്ലാ ആരോഗ്യ പരമായ കള്ളം പറച്ചിൽ ചില നന്മകളും ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ആലോചിച്ച് നോക്കൂ. കഴിഞ്ഞ കാലങ്ങളിൽ നമ്മൾ എന്തോരം കള്ളങ്ങൾ പറഞ്ഞിരിക്കുന്നു. കള്ളം പറയാൻ,അതും അതിമനോഹരമായിപറയാൻ കഴിവുള്ള ഒരാൾക്ക്, ജന്മസിദ്ധമായി കിട്ടിയ സാഹിത്യവാസനയും കൂടി ഉണ്ടെങ്കിൽ ഒരു കഥാകാരനായി തീരാൻ കഴിയും. ഇനി; അങ്ങനെയുള്ള ഒരാൾക്ക് ഇത്തരം ക്ലാസുകളുടെ ആവശ്യം തന്നെയില്ലാ എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം.അല്ലാത്തവർക്ക് ഇത്തരം ഒരു ക്ലാസ്കൊണ്ട് ഒരു കഥാകാരനാകനും പറ്റില്ലാ.പിന്നെയെന്തിനാണ് ഇത്തരം ചർച്ചാക്ലാസുകൾ കൊണ്ടുള്ള പ്രയോജനം? ആ ചോദ്യത്തിനാണ് ഇവിടുത്തെ പ്രസക്തി.......പിച്ചവച്ച് നടക്കുന്ന പിഞ്ചോമനകൾക്ക് പണ്ടൊക്കെ,മൂന്ന് ചക്രമുള്ള "ചാട്" എന്ന് പേരിനാൽ ഇവിടെ അറിയപ്പെടുന്ന ഒരു കളിക്കോപ്പ് ഉരുട്ടി നടക്കാൻ കൊടുക്കും. എന്തിനെന്നോ, ശരിയായി നടക്കാൻ പഠിക്കാൻ,നടത്തത്തിന്റെ വേഗത കൂട്ടാൻ,നടപ്പിന്റെ രീതി ശരിയാക്കാൻ.ഒരു പിടിയുമില്ലാതെ ഉഴറി നടക്കുന്നകുഞ്ഞിന് ഒരു കൈ സഹായമാണ് 'ചാട്' എന്ന ഉപകരണം.നടക്കേണ്ടത് കുഞ്ഞ് തന്നെയാണ്. അല്ലാതെ ചാടല്ലാ പക്ഷേ നടന്ന് തുടങ്ങുന്ന കുഞ്ഞിന് ചാട് ഒരു അനുഗ്രഹമാണ്.എഴുതാൻ താല്പര്യമുള്ളവർക്കേ ഇത്തരം വർക്ക് ഷോപ്പുകൾ കൊണ്ട് പ്രയോജനമുണ്ടാകൂ.അതായത് വഴി ഉണ്ടാക്കേണ്ടതും ,നടക്കേണ്ടതും നിങ്ങളിലെ സാഹിത്യകാരനാണ്.ആ വഴിയുടെ ദിശ പറഞ്ഞ് തരേണ്ടതും,കുറ്റവും കുറവും ചൂണ്ടിക്കാട്ടി തരാനും മാത്രമേ ഞങ്ങളെപ്പോലുള്ള മേസ്ത്രിമാർക്ക് കഴിയൂ. അത്തര ത്തിൽ താല്പര്യമുള്ള പുതിയ തലമുറക്കാർക്കായിട്ടാണ് ഈ എഴുത്ത്.
'ഒരായിരം വരികൾ വായിച്ചാലേ നമുക്ക് ഒരു വരിയെങ്കിലും എഴുതാൻ പറ്റുകയുള്ളൂ'. വായന എഴുത്തിന് പ്രേരണയാകണമെന്നില്ല.പക്ഷേ അതാണ് എഴുത്ത്കാ രന്റെ അടിസ്ഥാനം.അടിവളം ഉണ്ടെങ്കിലേ ചെടികൾക്കും മരങ്ങൾക്കും ഫലങ്ങൾ നൽകാനാകൂ.അതും നല്ല ഫലങ്ങൾ. പിന്ന ഇടക്കിടക്ക് നൽകുന്ന രാസവളങ്ങളോ ,ജൈവ വളങ്ങളോ ഫലത്തിന്റെ മേനിയും,എണ്ണവും വർദ്ധിപ്പിക്കും. കയ്യിൽകിട്ടുന്നതെന്തും വായിക്കുക.എന്നിട്ട് അതിൽ നിന്നും കിട്ടുന്ന നല്ല അറിവുകൾ മാത്രം മനസ്സിന്റെ ചെപ്പിൽ സൂക്ഷിക്കുക.പുരയിടത്തിലെ ചപ്പും,ചവറും വാരിക്കൂട്ടി തീ ഇടുമ്പോൾ നമുക്ക് കിട്ടുന്നത് എന്താണ് ഉത്തമ വളമായ ചാരം(ക്ഷാരം) അത് പോലെയാണ് വായനയും. നമ്മുടെ പുരാണേതിഹാസങ്ങൾ തൊട്ട് തുടങ്ങുക.ഇസ്ലാമോ,ക്രിസ്തീയനോ ആയത്കൊണ്ട് രാമായണവും,മഹാഭാരതവും,ഭഗവത്ഗീതയും ഒന്നും വായിക്കാതിരിക്കരുത്.അവ നമ്മുടെ -മലയാളികളുടെ- ആത്മാവാണെന്ന് അല്ലെങ്കിൽ ആധികാരികമായ പുസ്തകം,അല്ലെങ്കിൽ നല്ല രചനകൾ എന്ന് കരുതി വായിക്കുക.മറിച്ച് ഹിന്ദുക്കളും നിർബ്ബന്ധമായും ബൈബിളും,ഖുറാനും വായിച്ചിരിക്കണം.അറിവിന്റെ പാരാവാരമാണിതൊക്കെ,രത്നങ്ങളും പവിഴങ്ങളും അതിൽ നിന്നും യ്ഥേഷ്ടം ലഭിക്കും.ധാരാളം പദസമ്പത്ത് നമ്മുക്ക് ലഭിച്ചു എന്ന ' അറിവുണ്ടായാൽ' നാം നമ്മുടെ ലോകത്തെക്കൊതുങ്ങുക.ഓരൊ സാഹിത്യകാരനും തന്റേതായ ചിന്താപഥങ്ങളുണ്ട്. ആ ലോകത്തിലിരുന്ന് ചിന്തിക്കുക.എഴുതിത്തുടങ്ങുക. മറ്റുള്ളവരുടെ രചനകളുമായി എന്തെങ്കിലും സാമ്യമുണ്ടെന്ന് തോന്നിയാൽ അത് മുളയിലേ തന്നെ നുള്ളി കളയുക. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടുണ്ടാകണം.അനുകരണം കഴിവിനെ മുരടിപ്പിക്കും
ഇനി കഥ എഴുതാം
കിട്ടുന്ന കഥാതന്തുവിനെ മനസ്സിലിട്ട് പതം വരുത്തുക.മതിൽ കെട്ടാൻ,അല്ലെങ്കിൽ കൈയാല പണിയാൻ മുൻപൊക്കെ ചെളിമണ്ണ് കുഴക്കുന്നത്പോലെ, വാക്കുകളേയും,വർണ്ണനകളേയും, സംഭവങ്ങളേയും, കഥാപാത്രങ്ങളെയും ഒക്കെ ചിന്തയാകുന്ന വെള്ളമൊഴിച്ച്, ചെളിമണ്ണ് പരുവപ്പെടൂത്തുന്നത് പോലെ പരുവപ്പെടുത്തുക.മർദ്ദനം കൊണ്ട്പതം വന്ന മണ്ണിനെപ്പോലെ ചിന്തിച്ച കാര്യങ്ങൾ,കടലാസിലേക്ക് പകർത്തുക.മതിൽകെട്ടുന്നത് പോലെ,വീട് വയ്ക്കുന്നത്പോലെ 'നീളവും വീതിയും വിസ്തീർണ്ണവുമൊക്കെ കൃത്യമാക്കി എഴുതുക. എഴുതുന്ന സമയത്ത് മനസ്സിനെ ഏകാഗ്രമാക്കുക.എന്തിനെഴുതുന്നൂ എന്ന് ചിന്തിക്കരുത്. കഥകൾ എഴുതുമ്പോൾ നമ്മൾ സ്വതന്ത്രരായിരിക്കണം.ഒന്നിനും പരിധികൾ ഉണ്ടാവരുത്. എങ്കിലേ നല്ല രചനകൾ ഉണ്ടാവുകയുള്ളൂ...എന്താണ് രചനയഥാർത്ഥ ജീവിതം പകർത്തലല്ലാ രചന(കഥ) എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.യഥാർത്ഥത്തെക്കാൾ മനോഹരമായിരിക്കും ചിലപ്പോൾ സ്വപ്നങ്ങൾ .സ്വപ്നങ്ങൾക്ക് അതിർവരമ്പില്ലാ...നമ്മൾ ഏഴാം കടലിനക്കരെ പോകും.കടലിനടീയിലെ മാണീക്യ കൊട്ടാരത്തിൽ പോകും,മത്സ്യകന്യകമാരുമായി നടനം ചെയ്യും. പാതാളത്തിലും, സ്വർഗ്ഗത്തിലും പോകും. മേഘങ്ങൾക്കിടയിലൂടെ വിമാനം കണക്കെ രണ്ട് കൈയ്യും നിവർത്തി യാത്ര ചെയ്യും. അതുപോലെ ദിവാസ്വപ്നത്തിൽ,ഭാവനയിൽ,പക്ർത്തിയെടുക്കുന്ന ജീവിതത്തിന്റെ നുറുങ്ങിനെയാണ് കഥ എന്ന് പറയുന്നത്.നമ്മുടെ ജീവിതത്തിൽ സംഭവിച്ച താകണ്ട. കണ്ടറിഞ്ഞതാകാം, കേട്ടറിഞ്ഞതാകാം. ഞാൻ നേരത്തേ പറഞ്ഞത്പോലെ അത് യാഥാർത്ഥ്മായി ചിത്രീകരിക്കരുത്.എന്നാൽ ജീവിത ഗന്ധിയുമായിരിക്കണം. നേരിട്ട് കാണുന്ന ആകാശത്തേക്കാൾ എത്ര മനോഹരമായിരിക്കും നീർക്കുമിളകളിൽ, സപ്ത വർണ്ണങ്ങളിൽ കാണുന്ന ആകാശം.എങ്ങനെയായിരിക്കണം കഥ എന്നുള്ളതിന് എന്റെ സങ്കല്പത്തിലുള്ള ഒന്ന് രണ്ട് ഉപമകൾ പറയാം(ഒരു പക്ഷേ നിങ്ങൾ ഇത് കേട്ടിട്ടുള്ളതുമാകാം) ചന്ദനമരത്തിൽ ഒളിഞ്ഞിരിക്കുന്ന ശില്പം പോലെയാണ് കഥ. ശില്പത്തിന്റെ രൂപത്തെപ്പറ്റി മനസ്സിലുറപ്പിക്കുന്ന ശില്പി, ആവശ്യമില്ലാത്ത ബാക്കി ഭാഗങ്ങൾ കൊത്തിയും,കോറിയും,ചീകിയും,ചികഞ്ഞും ബാക്കി മരത്തിനെ കളഞ്ഞ് മനോഹരമായ ശില്പം ഉണ്ടാക്കി എടുക്കുന്നത് പോലെ ,മനസ്സിലിട്ട് പരുവപ്പെടുത്തിയ കഥയെ, അനാവശ്യമായ വർണ്ണനകളും,നെടുങ്കൻ സംഭാക്ഷണവുമൊക്കെ കളഞ്ഞ് ആറ്റിക്കുറുക്കിയെടുത്ത് സത്താക്കണം. നമ്മുടെ നാട്ടിലെ വഴിയോരങ്ങളിൽ കരിങ്കല്ല് കൊണ്ടിട്ട് അമ്മിയും,കുഴവിയും ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്നവരെ കണ്ടിട്ടില്ലേ? വ്യക്തമായ നീളവും വീതിയും ഉള്ള അമ്മിയും,ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്ന അവർ.വളരെ പാട് പെട്ട്, കുഞ്ഞ് മുനയുള്ള കല്ലുളി കൊണ്ട് പാറക്കഷണത്തിന്റെ അനാവശ്യമായ ഭാഗങ്ങൾ കളഞ്ഞു വെടിപ്പുള്ള അമ്മിക്കല്ലും മറ്റും ഉണ്ടാക്കുന്നത് പോലെയാകണം കഥയെഴുത്ത്.ഒരോ കഥക്കും അതിന്റേതായ ശൈലി ഉണ്ട്.എറ്റവും അനുയോജ്യമായ രീതി(ശൈലി) തിരഞ്ഞെടുക്കുന്നിടത്താണ് കഥാകാരന്റെ വിജയം. കുട്ടികളുടെ കഥ എഴുതുമ്പോൾ,നമ്മളുടെ മനസ്സിനും കുട്ടിത്തം ഉണ്ടാകണം.ഒരു ഗായകന്റെ കഥ എഴുതുമ്പോൾ നമ്മൾ സംഗീത ത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം.രാഷ്ട്രീയമാണ് വിഷയമെങ്കിൽ നമ്മൾ അതിനെക്കുറിച്ചും നന്നായി പഠിച്ചിരിക്കണം.അല്ലാതെ അറിവില്ലാത്തകാര്യങ്ങൾ അറിയാ മെന്ന് നടിച്ച് എഴുതരുത്.അത് അബദ്ധമാണ്.വായനക്ക് ഒരു രസതന്ത്രം ഉണ്ട്.വായനക്കാരനെ നമ്മിലേക്കടുപ്പിക്കാൻ, നമ്മുടെ ചിന്തക്കൊപ്പം അവരേയും നമ്മുടെ കൂടെ നടത്തിപ്പിക്കണം.കഴിവതും ലളിതമായിരിക്കണം ഭാഷ. അല്ലാതെ നമ്മുടെ അറിവും ആർഭാടവും പ്രകടിപ്പിക്കാനും മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കാനാവാത്ത പോലെ എഴുതിയും, ബുദ്ധിജീവി നടിക്കരുത്. കഥാപാത്രങ്ങളെ ക്കൊണ്ട് പ്രസംഗിപ്പിക്കരുത്.സാധാരണ മനുഷ്യരെപ്പോലെ ആവശ്യത്തിന് സംസാരിപ്പിച്ചാൽ മതി.കഥാ പാത്രങ്ങൾക്ക് ദു:ഖമുണ്ടെങ്കിൽ അത് വായനക്കാരന്,മനസ്സിൽ തട്ടും വിധത്തിൽ പറയേണ്ട ചുമതല കഥാകാരനുണ്ട് അല്ലാതെ 'അയ്യാൾ പൊട്ടിപ്പൊട്ടി കരഞ്ഞ് കൊണ്ട് വിലപിച്ചൂ. ഹൃദയത്തിൽ കഠാര കുത്തിയിറക്കുന്നത്പോലെ ദുഖം രക്തമായി ചിറ്റി ' എന്നൊന്നും കമന്ററി നടത്തേണ്ട കാര്യമില്ലാ. അതുപോലെ തന്നെ മറ്റ് വികാരങ്ങളും. അനാവശ്യമായ സാഹിത്യപ്രയോഗങ്ങൾ കഥയിൽ കഴിവതും ഒഴിവാക്കുക.കവിതയും കഥയും തമ്മിലുള്ള വ്യത്യാസവും ഇതാണ്. അവൾ മധുരമായിപാടി എന്ന് എഴുതേണ്ട സ്ഥലത്ത് 'മധുവാണി പൊഴിക്കുന്ന കോകിലങ്ങളെപ്പോലെ അവളുടെ കംബു കണ്ഠത്തിൽ നിന്നും ആ ഗാന തല്ലജം കല്ലോലിനി കണക്കെ ഒഴുകി' എന്നൊന്നും എഴുതേണ്ട കാര്യമില്ലാ.അത് വായനക്കാർക്ക് ചിരിയുളവാക്കും.sഒരു വികാരം,ഒരു ഭാവം,ഒരു ചലനം,ഉള്ളിൽ തട്ടുന്ന ഒരു ചിത്രം ഇതൊക്കെയാണ്.ഒരു കഥ കൊണ്ട് മൊത്തിൽ സാദ്ധ്യമാകുന്നത്.പരത്തിപ്പറഞ്ഞ് വായനക്കാരെ ബോറാടിപ്പിക്കാതെ, പുലർകാലത്തിൽ മഞ്ഞണിഞ്ഞ് നിൽക്കുന്ന പുൽക്കൊടിത്തുമ്പിലെ മഞ്ഞ്തുള്ളിയെ മാണിക്യ കല്ലായി തോന്നുന്നത്പോലെ,അർത്ഥവർത്തായ, പ്രകൃതിയുടെ പ്രതിഭാസം പോലെ മനോഹരമായിരിക്കണം കഥ. ലളിത കോമള കാന്തപദാവലിയിൽ രചിക്കുന്ന കവിതപോലെയായിരിക്കണം കഥ.കഥ പ്രചാരണത്തിനുള്ള ആയുധമാക്കാതിരിക്കുക.ഗുണപാഠം നിർബ്ബന്ധമില്ല.നല്ല ഗുണ പാഠം പറഞ്ഞത് കൊണ്ട് മാത്രം കഥ നന്നാകണമെന്നില്ലാ. സമുദായം കഥാകാരന്റെ രക്ഷകർത്താവല്ല. ഒരു സ്നേഹിതൻ മാത്രമാണ്. കഥാകാരൻ തിരിച്ചും. നാട് നമ്മുടെ പോറ്റമ്മയാണ്. ഒരു നല്ല കഥാകാരനെ(സാഹിത്യകാരനെ) സമൂഹം ആദരിക്കും.അയാൾക്ക് സമൂഹത്തോട് കടപ്പാടുണ്ടായിരിക്കണം.അയാളുടെ രചനക്കും ജീവിതത്തിനും ഒരു താളമുണ്ടായിരിക്കണം.അർത്ഥമുള്ള താളം........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ